മുഖ്യമന്ത്രി പിണറായി വിജയന് അയ്യപ്പഭക്തനെന്ന് വീണ്ടും വെള്ളാപ്പള്ളി
Wednesday, September 24, 2025 1:49 AM IST
ചേർത്തല: മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും അഭിവൃദ്ധിയും പുരോഗതിക്കുമായാണ് അയ്യപ്പ മഹാസംഗമം ഒരുക്കിയത്. ഇതിനായി മുഖ്യമന്ത്രി വഹിച്ച പങ്ക് നിസ്തുലമാണ്. സർക്കാർ സംവിധാനങ്ങളും നന്നായി പ്രവർത്തിച്ചു. മാത്രമല്ല ദേവസ്വം ബോർഡ് നൽകിയ അയ്യപ്പ വിഗ്രഹം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
അയ്യപ്പസംഗമത്തിന് പൊതുജന പങ്കാളിത്തം കുറവായിരുന്നെന്ന പ്രചരണം ശരിയല്ല. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തീരും വരെ പന്തലിൽ വലിയ ജനസാന്നിധ്യം ഉണ്ടായിരുന്നു. ശിവഗിരിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞതെല്ലാം ശരിയാണ്.
പോലീസ് നടപടികൾക്ക് പിന്നാലെയുണ്ടാകാവുന്ന തിരിച്ചടികൾ തിരിച്ചറിയാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നതാണ് സത്യം. നിയമം നടപ്പാക്കാതെ പോയ സാഹചര്യങ്ങളും ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. അയ്യപ്പസംഗമത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ കഴിയാതിരുന്ന കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.