ആശ്രമം കൈയേറിയ സംഭവം: പ്രതികൾക്കെതിരേ ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ബിജെപി
Wednesday, September 24, 2025 1:49 AM IST
കൊച്ചി: കളമശേരിയിൽ മാർത്തോമ്മ ഭവൻ ആശ്രമം കൈയേറി നാശനഷ്ടമുണ്ടാക്കിയ പ്രതികൾക്കെതിരേ ദുർബലമായ വകുപ്പുകൾ പ്രകാരമാണു പോലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ആരോപിച്ചു.
ഗുണ്ടകൾക്ക് പോലീസ് കാവൽ നിൽക്കുകയാണ്. പ്രതികളുടെ പേരിൽ എഫ്ഐആർ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാനോ കൈയേറ്റം ഒഴിപ്പിക്കാനോ പോലീസ് നടപടി സ്വീകരിക്കുന്നില്ല. ചില സംഘടനകളുടെ സമ്മർദത്തിനു വഴങ്ങിയാണ് പോലീസും ആഭ്യന്തരവകുപ്പും കോൺഗ്രസും വിഷയത്തിൽ മൗനം പാലിക്കുന്നത്.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ബിജെപി പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ഷോൺ ജോർജ് കൊച്ചിയിൽ പറഞ്ഞു.