ബലോണ്‍ ദോര്‍ പുരസ്കാരം ഡെംബെലെയ്ക്ക്
Wednesday, September 24, 2025 2:19 AM IST
പാരീസ്: കാല്‍പ്പന്ത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജെര്‍മെയ്ന്റെ (പിഎസ്ജി) സ്വദേശിതാരം ഉസ്മാന് ഡെംബെലെയ്ക്ക്. സ്പാനിഷ് കൗമാര താരം ലാമിന് യമാലിനെ പിന്തള്ളിയാണ് 28കാരനായ ഡെംബെലെ 2025 ബലോണ്‍ ദോര്‍ പുരസ്കാരം സ്വന്തമാക്കിയത്.
പിഎസ്ജിയുടെ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ വിറ്റിഞ്ഞ ബലോണ്‍ ദോര്‍ പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു. 2024-25 സീസണില്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കു വേണ്ടി നടത്തിയ മിന്നും പ്രകടനം ഡെംബെലെയെ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരത്തില്‍ നിര്‍ണായകമായി.
2024-25 സീസണില്‍ ഫ്രഞ്ച് ലീഗ് വണ്‍, ഫ്രഞ്ച് കപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫ്രഞ്ച് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ പിഎസ്ജി സ്വന്തമാക്കി. ഫിഫ ക്ലബ് ലോകകപ്പ് ഫൈനലില്‍ പിഎസ്ജി എത്തുകയും ചെയ്തു. ഡെംബെലെയുടെ മിന്നും പ്രകടനമാണ് ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ എത്താന്‍ പിഎസ്ജിയെ സഹായിച്ചത്. കഴിഞ്ഞ സീസണില്‍ 53 മത്സരങ്ങളില്‍നിന്ന് 35 ഗോള്‍ ഡെംബെലെ സ്വന്തമാക്കി.
10: ഗ്രേറ്റ് ട്രിപ്പിള്‍
ഫിഫ ലോകകപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്നിവയ്ക്കു പുറമേ ബലോണ്‍ ദോര്‍ പുരസ്കാരവും തേടിയെത്തിയതോടെ ഡെംബെലെ ഗ്രേറ്റ് ട്രിപ്പിള്‍ തികച്ചു. കരിയറില്‍ ഈ മൂന്നു നേട്ടങ്ങളും (ഫിഫ ലോകകപ്പ്, യുവേഫ ചാമ്പ്യന്‍സ് ലീഗ്, ബലോണ്‍ ദോര്‍) സ്വന്തമാക്കുന്ന ലോകത്തിലെ 10-ാമത് താരമാണ് ഡെംബെലെ. അഞ്ച് തവണ ബലോണ്‍ ദോര്‍ സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ പട്ടികയില്‍ ഇല്ലെന്നതും ശ്രദ്ധേയം.
ഇംഗ്ലീഷ് മുന്‍താരം ബോബി ചാള്ട്ടണ്, ജര്‍മന്‍ മുന്‍ താരങ്ങളായ ഗേര്‍ഡ് മ്യുള്ളര്‍, ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ഇറ്റാലിയന്‍ മുന്‍താരം പൗലോ റോസി, ഫ്രഞ്ച് മുന്‍താരം സിനദീന്‍ സിദാന്, ബ്രസീല്‍ മുന്‍താരങ്ങളായ റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ, കക്ക, അര്‍ജന്റൈന്‍ താരം ലയണല്‍ മെസി എന്നിവരാണ് കരിയറില്‍ ഗ്രേറ്റ് ട്രിപ്പിള്‍ ഡെംബെലെയ്ക്കു മുമ്പ് തികച്ചവര്‍.
മറ്റു പുരസ്കാരങ്ങള്‍
യാഷിന് ട്രോഫി: ജിയാന്‍ലൂയിജി
ഡോണറുമ (മികച്ച പുരുഷ ഗോള്‍ കീപ്പര്‍)
മികച്ച പുരുഷ ക്ലബ്: പിഎസ്ജി
മികച്ച വനിതാ ക്ലബ്: ആഴ്സണല്‍
മികച്ച പുരുഷ ടീം കോച്ച്: ലൂയിസ് എന്റിക്വെ (പിഎസ്ജി)
ഹാട്രിക് ബോണ്‍മാറ്റി
പാരീസ്: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള ബലോണ്‍ ദോര്‍ ഫെമിനിന്‍ പുരസ്കാരം തുടര്‍ച്ചയായ മൂന്നാം തവണയും സ്വന്തമാക്കി സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ സ്വദേശി മിഡ്ഫീല്‍ഡര്‍ ഐറ്റാന ബോണ്‍മാറ്റി.
27കാരിയായ ഐറ്റാനയ്ക്കു വെല്ലുവിളിയാന്‍ മറ്റൊരാള്‍ക്കും മൂന്നാം തവണയും കഴിഞ്ഞില്ലെന്നതാണ് ശ്രദ്ധേയം. ഇംഗ്ലീഷ് ക്ലബ് ആഴ്സണലിന്റെ സ്പാനിഷ് താരം മരിയോണ കാല്ഡെന്റേ, ഇംഗ്ലണ്ടുകാരി അലെസിയ റൂസോ എന്നിവരെയാണ് 2025 ബലോണ്‍ ദോര്‍ ഫെമിനിന്‍ പോരാട്ടത്തില്‍ ഐറ്റാന ബോണ്‍മാറ്റി പിന്തള്ളിയത്.
3: ചരിത്ര നേട്ടം
ബലോണ്‍ ദോര്‍ ഫെമിനിന്‍ പുരസ്കാരം തുടര്‍ച്ചയായി മൂന്നു തവണ സ്വന്തമാക്കുന്ന ആദ്യ വനിതയാണ് ബോണ്‍മാറ്റി. ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കുന്ന റിക്കാര്‍ഡും ഈ സ്പാനിഷ് താരത്തിനു സ്വന്തം.
പുരുഷന്മാരുടെ ബലോണ്‍ ദോര്‍ മുന്‍ ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റിനി (1983, 84, 85), അര്‍ജന്റൈന്‍ താരം ലയണല്‍ മെസി (2009, 2010, 2011, 2012) എന്നിവര്‍ തുടര്‍ച്ചയായി മൂന്നു തവണ സ്വന്തമാക്കിയിട്ടുണ്ട്.