അയല്പ്പോരില് വിവാദപ്പോര്!
Tuesday, September 23, 2025 1:02 AM IST
ദുബായ്: അയൽപ്പോരെന്ന് അറിയപ്പെടുന്ന ശക്തമായ ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടങ്ങളുടെ കാലം അവസാനിച്ചോ? ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരവിജയത്തിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വാക്കുകളും ഇതാണ് സൂചിപ്പിക്കുന്നത്.
“എന്താണ് മത്സരം? രണ്ടു ടീമുകൾ 15 മത്സരങ്ങൾ കളിച്ചിട്ട് 8-7 ആണെങ്കിൽ, അത് ഒരു മത്സരമാണ്. ഇവിടെ 13-1 (12-3) അല്ലെങ്കിൽ മറ്റെന്തെങ്കിലും. ഒരു മത്സരവുമില്ല.’’ ഇനി ‘ചിരവൈരികളുടെ പോരാട്ടം’ എന്നു വിശേഷിപ്പിക്കരുതെന്നായിരുന്നു സൂര്യകുമാറിന്റെ പരിഹാസം. എന്നാൽ കളിമികവിനെക്കാൾ ചൂടൻ വിവാദങ്ങളുടെ വേദിയാണ് ഇന്ന് ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ്.
ഗ്രൂപ്പ് ഘട്ടത്തിലെന്നപോലെ ഞായറാഴ്ച നടന്ന രണ്ടാം മത്സരവും വിവാദത്താൽ ശ്രദ്ധപിടിച്ചു. കളി തോറ്റെങ്കിലും വാക്പോരും ആംഗ്യങ്ങളുമായി മുന്നിൽനിന്നത് പാക് താരങ്ങൾ തന്നെയാണ്.
സഹിബ്സദ ഫർഹാൻ ആണ് ഗണ് ഫയറിലൂടെ വിവാദത്തിന് തുടക്കമിട്ടത്. പേസർ ഹാരിസ് റൗഫിന്റെ ഗില്ലുമായുള്ള കൊന്പുകോർക്കൽ. വീണ്ടും റൗഫിന്റെ ഓപ്പറേഷൻ സിന്ദൂറിനെ ഓർമപ്പെടുത്തിയുള്ള ആംഗ്യം. എന്നാൽ കൊന്പുകോർക്കലിനു പാക്കിസ്ഥാൻ മത്സരിച്ചപ്പോൾ ഇന്ത്യ പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരിച്ചു ജയം കൈയിലൊതുക്കി.
ആര് എന്തു വിചാരിച്ചാലും എനിക്കൊന്നുമില്ല
ഇന്ത്യക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിനിടെ അർധ സെഞ്ചറി നേടിയപ്പോൾ ‘ആകാശത്തേക്കു വെടിയുതിർക്കുന്ന’ പോലെ ബാറ്റുകൊണ്ട് ആഘോഷ പ്രകടനം നടത്തിയതിനെ ന്യായീകരിച്ച് പാക്കിസ്ഥാൻ ഓപ്പണർ സഹിബ്സദ ഫർഹാൻ. 45 പന്തുകൾ നേരിട്ട ഫർഹാൻ 58 റണ്സടിച്ചാണു പുറത്തായത്. ഫർഹാന്റെ അർധ സെഞ്ചുറിയേക്കാളും ചർച്ചയായത് അത് ആഘോഷിച്ച രീതിയാണ്.
“ആര് എന്തു ചിന്തിച്ചാലും കുഴപ്പമില്ലെന്നും തനിക്കു തോന്നുന്നതുപോലെ ആഘോഷിക്കുമെന്നും ഫർഹാൻ മാധ്യമങ്ങളോടു തുറന്നടിച്ചു. ആളുകൾ അത് എങ്ങനെ എടുക്കുമെന്ന് എനിക്ക് അറിയില്ല. സത്യം പറഞ്ഞാൽ അതെനിക്ക് ഒരു വിഷയം പോലുമല്ല. എവിടെ കളിച്ചാലും ചടുലമായ ക്രിക്കറ്റാണു നമുക്കു വേണ്ടത്.-’’- ഫർഹാൻ വ്യക്തമാക്കി.
റൗഫ് റഫ്!
പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫ് വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. മത്സരത്തിനിടെ ഗ്രൗണ്ടിൽനിന്ന് ഇന്ത്യൻ ആരാധകർക്കു നേരേ പ്രകോപനപരമായ ആംഗ്യം കാണിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവാദം കത്തിപ്പടരുകയാണ്.
ഗാലറിയിൽ ഇന്ത്യൻ കാണികളുടെ തുടർച്ചയായ ആർപ്പുവിളികൾക്കിടെ റൗഫ് കൈ കൊണ്ട് ‘6-0’ എന്നു സൂചിപ്പിക്കുന്ന ആംഗ്യം കാണിക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ ആറു യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം സൂചിപ്പിച്ചായിരുന്നു റൗഫിന്റെ ആംഗ്യം.
ചൊറിഞ്ഞു, ഇഷ്ടപ്പെട്ടില്ല
പാക് താരങ്ങളുടെ പ്രകോപനങ്ങൾക്ക് ബാറ്റുകൊണ്ടും മത്സരശേഷം സമൂഹമാധ്യമത്തിലും മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങളായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും.
അനാവശ്യമായി പാക് താരങ്ങൾ പ്രകോപിപ്പിച്ചതാണ് തകർത്തടിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്ലെയർ ഓഫ് ദ് മാച്ചായി തെര ഞ്ഞെടുക്കപ്പെട്ടശേഷം സമ്മാനദാനച്ചടങ്ങിൽ അഭിഷേക് ശർമ പറഞ്ഞു.
മത്സരശേഷം സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും അഭിഷേകിന്റെ മറുപടി കൃത്യമായിരുന്നു. ‘നിങ്ങൾ സംസാരിക്കും, ഞങ്ങൾ ജയിക്കും’ എന്ന കുറിപ്പോടെയാണ് അഭിഷേക്, മത്സരത്തിലെ ചിത്രങ്ങൾ പങ്കുവച്ചത്.
‘വാക്കുകളല്ല സംസാരിക്കുന്നത്, മത്സരമാണ്’ എന്നായിരുന്നു ശുഭ്മാൻ ഗില്ലിന്റെ പോസ്റ്റ്. ഇരുവർക്കും പിന്തുണയുമായി ഇന്ത്യൻ ആരാധകരും എത്തി.
വീണ്ടുമൊരു ഇന്ത്യാ-പാക്കിസ്ഥാൻ പോരാട്ടം!
ഏഷ്യാ കപ്പിൽ മൂന്നാം തവണയും ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോർ ഘട്ടത്തിലും ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമെന്ന് ആരാധകർ പ്രതീക്ഷിച്ചതായിരുന്നു. പ്രതീക്ഷിച്ചപോലെ ഇരു ടീമുകളും രണ്ടുതവണ പരസ്പരം നേർക്കു നേർ വരികയും രണ്ടു തവണയും ഇന്ത്യ ജയിച്ചുകയറുകയും ചെയ്തു.
ഇനിയുമൊരു തവണ കൂടി ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരാൻ സാധ്യതയുണ്ട്. അത് 28ന് നടക്കുന്ന ഫൈനലിലാണെന്ന് മാത്രം. ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിൽ ഇന്നു നടക്കുന്ന മത്സരമാകും ഏഷ്യാ കപ്പിൽ വീണ്ടും ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുമോ എന്ന് തീരുമാനിക്കുന്നതിൽ നിർണായകമാകുക.
‘റൈവൽറി’ നിർത്തണം: ട്രോളി സൂര്യകുമാർ
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളെ ഇനി ‘ചിരവൈരികളുടെ പോരാട്ടം’ എന്നു വിശേഷിപ്പിക്കരുതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മത്സര വിജയത്തിലെ കണക്കുകൾ സൂചിപ്പിച്ചുകൊണ്ട് പാക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഒരു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു സൂര്യകുമാറിന്റെ മറുപടി.
“മത്സരവും നിലവാരവും എല്ലാം ഒരുപോലെയാണ്. ഇനി എന്താണ് മത്സരം? രണ്ടു ടീമുകൾ 15 മത്സരങ്ങൾ കളിച്ചിട്ട് 8-7 ആണെങ്കിൽ, അത് ഒരു മത്സരമാണ്. ഇവിടെ 13-1 (12-3) അല്ലെങ്കിൽ മറ്റെന്തെങ്കിലും. ഒരു മത്സരവുമില്ല’’- സൂര്യകുമാർ പുഞ്ചിരിയോടെ പറഞ്ഞു.