ഗെറ്റാഫയെ തകര്‍ത്ത് ബാഴ്സ
Tuesday, September 23, 2025 1:02 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണ വിജയം തുടരുന്നു. സ്വന്തം തട്ടകത്തിൽ ഗെറ്റാഫയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തി.
ഫെറാൻ ടോറസിന്റെ ഇരട്ട ഗോളുകളും ഡാനി ഓൽമോയുടെ ഗോളുമാണ് ബാഴ്സയ്ക്ക വന്പൻ ജയം സമ്മാനിച്ചത്. മത്സരത്തിന്റെ 15, 34 മിനിറ്റുകളിലാണ് ടോറസിന്റെ ഗോളുകൾ പിറന്നത്. ഓൽമോ 62-ാം മിനിറ്റിൽ വല കുലുക്കി ഗോൾ ആഘോഷം അവസാനിപ്പിച്ചു.
ജയത്തോടെ ബാഴ്സലോണ രണ്ടാം സ്ഥാനത്ത് തുടരുന്നു. അഞ്ച് മത്സരത്തിൽനിന്ന് നാല് ജയവും ഒരു സമനിലയും ഉൾപ്പെടെ 13 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. 15 പോയിന്റുകളുമായി റയൽ മാഡ്രിഡാണ് ഒന്നാമത്.
മറ്റൊരു മത്സരത്തിൽ പത്തു പേരുമായി ചുരുങ്ങിയ അത്ലറ്റികോ മാഡ്രിഡ് ലീഡ് നേടിയശേഷം മല്ലോർക്കയ്ക്കെതിരായ മത്സരത്തിൽ സമനില വഴങ്ങി. വിരസമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റിൽ മാഡ്രിഡ് താരം അലക്സാണ്ടർ സൊർലോത്ത് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
എന്നാൽ പതറാതെ കളിച്ച മാഡ്രിഡിനെ79-ാം മിനിറ്റിൽ കോണർ ഗല്ലാഘർ മുന്നിലെത്തിച്ചു. 85-ാം മിനിറ്റിൽ വേദത്ത് മുരിക്വി മല്ലോർക്കയെ സമനിലയിൽ എത്തിച്ചു.