ആഴ്സണൽ x മാഞ്ചസ്റ്റർ മത്സരം 1-1 സമനില
Tuesday, September 23, 2025 1:02 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോരാട്ടത്തിൽ 1-1നു സമനില പിടിച്ച് ആഴ്സണൽ.
സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഗോൾ വഴങ്ങിയ ആഴ്സണൽ 90 മിനിറ്റ് പിന്നിട്ട് ഇഞ്ചുറി ടൈമിലാണ് സമനില ഗോൾ നേടി തോൽവി ഒഴിവാക്കിയത്.
ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ആഴ്സണലിനു ആശ്വാസം നൽകി സമനില ഗോൾ നേടിയത്. മത്സരം തുടങ്ങി ഒന്‍പതാം മിനിറ്റിൽ എർലിങ് ഹാളണ്ടിലൂടെയാണ് സിറ്റി ലീഡെടുത്തത്. തുടർന്ന് സിറ്റി ജയത്തിലേക്കെന്ന് പ്രതീക്ഷയോടെ നീങ്ങുന്പോഴാണ് അവസാന നിമിഷം ഗബ്രിയേൽ മാർട്ടിനെല്ലി ആഴസണലിന് രക്ഷകനായി എത്തുന്നത്.
പന്തടക്കത്തിലും പാസിംഗിലും ആഴ്സണൽ മുന്നിൽ നിന്നെങ്കിലും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. 12 തവണ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറിയെങ്കിലും ഓണ്‍ ടാർജറ്റ് ഷോട്ട് അവസരമൊരുങ്ങിയത് മൂന്നെണ്ണമായിരുന്നു.
തുടക്കത്തിൽതന്നെ ലീഡ് നേടിയതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് സിറ്റി കളിച്ചത്. അഞ്ചു തവണ മാത്രമാണ് അവർ ആഴ്സണൽ ഗോൾ വല ലക്ഷ്യമിട്ട് പന്തുമായി എത്തിയത്.