ചാമ്പ്യന്‍സ് ബോട്ട് ലീഗിനൊരുങ്ങി കൊച്ചി കായൽ
Tuesday, September 23, 2025 1:02 AM IST
കൊച്ചി: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) മത്സരങ്ങള്‍ ഒക്്ടോബര്‍ 11 ഉച്ചകഴിഞ്ഞ് രണ്ടിന് കൊച്ചി കായലില്‍ നടക്കും. വീയപുരം, നടുഭാഗം, മേല്‍പ്പാടം, നിരണം, പായിപ്പാടന്, പറമ്പന്‍, കാരിച്ചാല്‍, ചെറുതന, ചമ്പക്കുളം എന്നീ ഒമ്പത് ചുണ്ടന് വള്ളങ്ങളാണ് ഇത്തവണ കൊച്ചി കായലിനെ ആവേശത്തിലാഴ്ത്താന്‍ എത്തുന്നത്.
മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ടി.ജെ. വിനോദ് എംഎല്‍എ, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ യോഗം ചേര്‍ന്നു. സുഗമമായി വള്ളങ്ങള്‍ക്കു സഞ്ചരിക്കാന്‍ ട്രാക്കിന്റെ പരിശോധനാ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്കി.
ചുണ്ടന് വള്ളങ്ങള്‍ക്കൊപ്പം പ്രാദേശിക ചെറുവള്ളങ്ങള്കൂടി ബോട്ട് ലീഗില്‍ അണിനിരക്കുന്നതിന് സ്പോണ്‍സര്‍ഷിപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നും എംഎല്‍എ പറഞ്ഞു.
വിദേശസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള കാണികളെ ആകര്‍ഷിക്കുന്ന രീതിയില്‍ സിബിഎല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഹോട്ടല്‍, ഹോംസ്റ്റേ പ്രതിനിധികളുടെ യോഗം ഉടന്‍ ചേരും. മത്സരത്തില്‍ കുടുംബശ്രീയുടെ ഒരു വള്ളം ഉള്‍പ്പെടുത്താനുള്ള സാധ്യത കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്നു പരിശോധിക്കും.
മത്സരങ്ങള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് നേടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വള്ളംകളിക്കു മുന്നോടിയായി നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.