ഡി കോക്ക് ഈസ് ബാക്ക്
Tuesday, September 23, 2025 1:02 AM IST
ജൊഹാനസ്ബർഗ്: ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റണ്‍ ഡി കോക്ക്.
അടുത്ത മാസം പാക്കിസ്ഥാനെതിരേ നടക്കുന്ന ഏകദിന പരന്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഡി കോക്കിനെ സെലക്ടർമാർ ഉൾപ്പെടുത്തി. ഏകദിന ടീമിന് പുറമെ പാകിസ്ഥാനെതിരായ ടി20 പരന്പരയ്ക്കുള്ള ടീമിലും ഡി കോക്കിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
2023ലെ ഏകദിന ലോകകപ്പിന് പിന്നാലെയെണ് 30-ാം വയസിൽ ഡി കോക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി 155 ഏകദിനങ്ങൾ കളിച്ചിട്ടുള്ള ഡി കോക്ക് 45.74 ശരാശരിയിലും 96.64 സ്ട്രൈക്ക് റേറ്റിലും 21 സെഞ്ചുറികൾ അടക്കം 6,770 റണ്‍സ് നേടിയിട്ടുണ്ട്.
കഴിഞ്ഞവർഷം ബാർബഡോസിൽ ഇന്ത്യക്കെതിരേ ട്വന്റി20 ലോകകപ്പ് ഫൈനലിലാണ് ഡി കോക്ക് അവസാനം ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചത്.