ഡിക്കി ബേഡ് അന്തരിച്ചു
Wednesday, September 24, 2025 2:19 AM IST
ലണ്ടന്‍: ഇതിഹാസ ഇംഗ്ലീഷ് അമ്പയര്‍ ഹാരോള്‍ഡ് ഡിക്കി ബേഡ് (92) അന്തരിച്ചു. ബാറ്ററിന് അനുകൂല തീരുമാനം എടുക്കുന്നതിന്റെ ഭാഗമായി എല്‍ബിഡബ്ല്യു വിളിക്കാന്‍ താത്പര്യമില്ലാത്ത ആളായിരുന്നു ബേഡ്.
കൃത്യതയുടെ പര്യായമായ ബേഡിനെ, രാവിലെ ആറു മണിക്ക് മതില് ചാടിക്കടന്ന് സ്റ്റേഡിയത്തില്‍ എത്തിയതിന് പോലീസ് അറസ്റ്റ് ചെയ്ത ചരിത്രവുമുണ്ട്. സച്ചിന് തെണ്ടുല്‍ക്കറിനൊപ്പം ഒരു പരസ്യ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
1983 ലോകകപ്പ് കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ മത്സരം നിയന്ത്രിച്ചത് ഡിക്കി ബേഡ് ആയിരുന്നു. 1956ല്‍ യോര്‍ക്ക്ഷെയറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയ ഡിക്കി ബേഡ്, 93 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് രണ്ട് സെഞ്ചുറിയും 14 അര്‍ധസെഞ്ചുറിയും അടക്കം 3314 റണ്‍സ് സ്വന്തമാക്കി.
1973 മുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ അമ്പയറായി. 66 ടെസ്റ്റും മൂന്ന് ഏകദിന ലോകകപ്പ് ഫൈനല്‍ അടക്കം 69 ഏകദിനവും നിയന്ത്രിച്ചു. ലോഡ്സില്‍ മാത്രം 15 ടെസ്റ്റ് നിയന്ത്രിച്ചു. ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് നിയന്ത്രിച്ച റിക്കാര്‍ഡും ബേഡിനു സ്വന്തം, ഇംഗ്ലണ്ടില്‍ 54 ടെസ്റ്റ്.