ആശമാരുടെ ക്ലിഫ് ഹൗസ് മാർച്ച് ഒക്ടോബർ 22ന്
Wednesday, September 24, 2025 1:49 AM IST
തിരുവനന്തപുരം: സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടരുന്ന ആശ വർക്കർമാർ ഒക്ടോബർ 22ന് ക്ലിഫ് ഹൗസിലേക്കു മാർച്ച് നടത്തും.
എട്ടു മാസമായിട്ടും ആവശ്യങ്ങൾ അംഗീകരിച്ച് ആശാ സമരം ഒത്തുതീർപ്പാക്കാൻ തയാറാകാത്ത സർക്കാർ നടപടിയിലും സ്ത്രീ തൊഴിലാളികളോടുള്ള മുഖ്യമന്ത്രിയുടെ സമീപനത്തിലും പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.
തികച്ചും ന്യായമെന്ന് പൊതുസമൂഹമാകെ അംഗീകരിച്ച ഡിമാൻഡുകൾ ഉയർത്തിക്കൊണ്ടാണ് ആശമാർ അനിശ്ചിതകാല രാപകൽ സമരം സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവരുന്നത്. ഓണറേറിയം വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യം നൽകണമെന്നതുമാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ. ഇപ്പോഴും 233 രൂപ ദിവസ വേതനത്തിനാണ് ആശമാർ ജോലി ചെയ്യുന്നത്. കേന്ദ്രം വർധിപ്പിച്ചാൽ സംസ്ഥാനവും വേതനം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുടെ വാഗ്ദാനം വെറും പാഴ്വാക്കായി.
ആശമാർ കേരളത്തിന്റെ മണ്ണിൽ നടത്തിയ സമരത്തിന്റ ഫലമായി കേന്ദ്രസർക്കാർ ഇൻസെന്റീവുകളും വിരമിക്കൽ അനുകൂലവും വർധിപ്പിച്ചിട്ട് മാസങ്ങളായിട്ടും സംസ്ഥാന സർക്കാർ അനങ്ങുന്നില്ലെന്നും സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ പറഞ്ഞു.
സമരത്തിന്റെ മുഖ്യ ഡിമാൻഡുകളായ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നിവ അനുവദിക്കാൻ ഒരു കമ്മിറ്റിയുടെ പഠനം ആവശ്യമില്ലെന്നും ആശമാരുടെ സേവന വേതനവ്യവസ്ഥയെ സംബന്ധിച്ച മറ്റു വിഷയങ്ങൾ പഠിക്കാൻ കമ്മിറ്റി ആകാമെന്നുമുള്ള നിലപാടാണ് സമരം ചെയ്യുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ മുന്നോട്ടുവച്ചത്. എന്നാൽ സർക്കാർ അതിനു തയാറാവാതെ കമ്മിറ്റി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. സർക്കാരിന്റെ ഈ നടപടി ഒരു ഇടതുപക്ഷ സർക്കാരിന് ഉചിതമല്ലെങ്കിലും അസോസിയേഷൻ കമ്മിറ്റിയുമായി സഹകരിക്കുകയാണുണ്ടായത്.
കമ്മിറ്റിയുടെ ഹിയറിംഗിൽ പങ്കെടുക്കുകയും 27 ഇന ആവശ്യങ്ങൾ ഉന്നയിച്ച് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. ഈ രംഗത്തു പ്രവർത്തിക്കുന്ന സിഐടിയു അടക്കമുള്ള എല്ലാ സംഘടനകളും സമാന ഡിമാൻഡുകൾ കമ്മിറ്റിയുടെ മുൻപാകെ ഉന്നയിച്ചു എന്നത് ശ്രദ്ധേയമാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന്റെ ന്യായയുക്തതയാണ് അതു തെളിയിക്കുന്നതെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു.