നികുതിവെട്ടിപ്പ് മുമ്പും
Wednesday, September 24, 2025 1:49 AM IST
കൊച്ചി: ‘ഓപ്പറേഷന് നുംഖോറി’നു പിന്നാലെ മലയാള സിനിമാതാരങ്ങളുടെ വാഹനനികുതി വെട്ടിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവരാണു നേരത്തേ വാഹന നികുതി വെട്ടിപ്പില്‍ കുടുങ്ങിയിട്ടുള്ളവര്‍.
പുതുച്ചേരി ചാവടിയിലെ അപ്പാര്‍ട്ട്മെന്റില്‍ താത്കാലിക താമസക്കാരന് എന്ന നിലയിലാണു 2010ല്‍ വാങ്ങിയ കാര്‍ സുരേഷ് ഗോപി അവിടെ രജിസ്റ്റര്‍ ചെയ്തത്. രണ്ടു കാറുകളുടെ കാര്യത്തില്‍ ആരോപണമുയര്‍ന്നെങ്കിലും ഒന്നില്‍ മാത്രമാണു കേസ് രജിസ്റ്റര്‍ ചെയ്തതും നടപടിയെടുത്തതും.
വ്യാജ മേല്‍വിലാസം ഉണ്ടാക്കി താരം ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയതായി അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു വിട്ടയയ്ക്കുകയായിരുന്നു. ഫഹദ് ഫാസിലും അമല പോളുമാണ് സമാന ആരോപണം നേരിട്ട മറ്റു രണ്ട് അഭിനേതാക്കള്‍. ഇരുവര്‍ക്കുമെതിരേ വാഹന രജിസ്ട്രേഷന് തട്ടിപ്പ് കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു.
ഫഹദ് ഫാസില്‍ കേരളത്തിലേക്കു രജിസ്ട്രേഷന് മാറ്റുകയും 19 ലക്ഷത്തോളം രൂപ പിഴ അടയ്ക്കുകയും ചെയ്തിരുന്നു. ഫഹദിനെയും അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. അമല പോള്‍ ബംഗളൂരുവില്‍നിന്നു വാങ്ങിയ വാഹനം കേരളത്തിലെത്തിക്കാഞ്ഞതിനാല് നടപടി സ്വീകരിക്കാനായില്ല.