യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മ: രാഹുൽ ഗാന്ധി
Wednesday, September 24, 2025 1:53 AM IST
ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്നും അത് വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി താൻ ഉയർത്തിക്കാട്ടിയ ‘വോട്ടുകൊള്ള’യുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുകയാണെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
തെരഞ്ഞെടുപ്പുകൾ ‘മോഷ്ടിക്ക’പ്പെടുന്നിടത്തോളം കാലം തൊഴിലില്ലായ്മയും അഴിമതിയും വർധിക്കുമെന്നും രാജ്യത്തെ യുവാക്കൾ തൊഴിൽ മോഷണവും വോട്ടു കൊള്ളയും അനുവദിക്കില്ലെന്നും രാഹുൽ എക്സിൽ വ്യക്തമാക്കി.
ബിഹാറിലെ പാറ്റ്നയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ പോലീസ് ലാത്തിച്ചാർജ് ചെയ്യുന്ന വീഡിയോയും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെടികൾ നടുന്നതും യോഗ അഭ്യസിക്കുന്നതുമായ വീഡിയോയും സ്പ്ലിറ്റ് സ്ക്രീനിൽ ഒരേസമയം പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ മൊണ്ടാഷ് എക്സിൽ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ കുറിപ്പ്.
രാജ്യത്തെ യുവാക്കൾ കഠിനമായി അധ്വാനിക്കുകയും സ്വപ്നം കാണുകയും അവരുടെ ഭാവിക്കുവേണ്ടി കഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ മിസ്റ്റർ മോദിയാകട്ടെ പ്രസിദ്ധരായവരെക്കൊണ്ട് തന്നെ പുകഴ്ത്തിപ്പാടിച്ചുകൊണ്ടും കോടീശ്വരന്മാരുടെ ലാഭങ്ങൾകൊണ്ടും തന്റെ പിആർ ജോലിയിൽ വ്യാപൃതനാകുന്നതിന്റെ തിരക്കിലാണ്. യുവാക്കളുടെ പ്രതീക്ഷകൾ തകർക്കുന്നതും അവരെ നിരാശയിലേക്കു തള്ളിവിടുന്നതും ഈ സർക്കാരിന്റെ മുഖമുദ്രയായി മാറി -രാഹുൽ കുറിച്ചു.
എന്നാൽ, ഇപ്പോൾ ഈ സ്ഥിതി മാറുന്നുണ്ടെന്നും യഥാർഥ പോരാട്ടം തൊഴിലുകൾക്കുവേണ്ടി മാത്രമല്ല ‘വോട്ട്കൊള്ള’യ്ക്കെതിരേകൂടിയാണെന്ന് ഇന്ത്യയിലെ യുവാക്കൾ തിരിച്ചറിഞ്ഞെന്നും ഇന്ത്യയെ വോട്ട് മോഷണത്തിൽനിന്നും തൊഴിലില്ലായ്മയിൽനിന്നും സ്വതന്ത്രമാക്കുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ദേശസ്നേഹമെന്നും രാഹുൽ പറഞ്ഞു.