സുബീൻ ഗാർഗിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
Wednesday, September 24, 2025 1:53 AM IST
ഗോഹട്ടി: സിംഗപ്പുരിൽ അപകടത്തിൽ മരിച്ച പ്രശസ്ത ആസാം ഗായകൻ സുബീൻ ഗാർഗിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഗോഹട്ടിയിലെ കമർകുർചിയിൽ ആയിരക്കണക്കിന് ആരാധകർ തങ്ങളുടെ പ്രിയഗായകനു വിടപറയാൻ എത്തിയിരുന്നു.
സുബീൻ ഗാർഗിന്റെ ഇളയ സഹോദരി പാൽമി ബോർ താക്കൂർ ചിതയ്ക്ക് തീ കൊളുത്തി. സുബീന്റെ അച്ഛൻ, ഭാര്യ ഗരിമ, മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവർക്കൊപ്പം എഴുത്തുകാരനും ഗാനരചയിതാവും നടനുമായ രാഹുൽ ഗൗതവും അന്ത്യകർമത്തിൽ പങ്കെടുത്തു.
ആസാം പോലീസ് ഗൺ സല്യൂട്ട് നൽകി ഗായകന് ആദരവർപ്പിച്ചപ്പോൾ പുരോഹിതന്മാർ മന്ത്രങ്ങൾ ചൊല്ലി. സംസ്കാരചടങ്ങിനിടെ ആരാധകർ ‘ജയ് സുബീൻ ദാ’ എന്ന് ആദരപൂർവം വിളിക്കുകയും അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയ ഗാനങ്ങളിലൊന്നായ ‘മായാബിനി’ ആലപിക്കുകയും ചെയ്തു.
ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, കിരൺ റിജിജു, പബിത്ര മാർഗരിറ്റ, അസം നിയമസഭാ സ്പീക്കർ ബിശ്വജിത് ദൈമരി, കോൺഗ്രസ് നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ, സംസ്ഥാന മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും ഉൾപ്പെടെ നിരവധി പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ആസാമിൽനിന്നും പുറത്തുനിന്നുമുള്ള ലക്ഷക്കണക്കിന് ആരാധകർ ഞായറാഴ്ചയും തിങ്കളാഴ്ചയും നഗരത്തിലെ സരുസജായ് സ്റ്റേഡിയത്തിൽ സുബീന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.