ബെറ്റിംഗ് ആപ് കേസ് ; യുവരാജ് സിംഗ് ഇഡിക്കു മുന്നിൽ ഹാജരായി
Wednesday, September 24, 2025 1:49 AM IST
ന്യൂഡൽഹി: പ്രമുഖ ഓണ്‍ലൈൻ ബെറ്റിംഗ് ആപ്പായ വണ്‍എക്സുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ചോദ്യംചെയ്യലിനായി മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഇഡി മുന്‍പാകെ ഹാജരായി. സെൻട്രൽ ഡൽഹിയിലെ ഇഡി ഓഫീസിൽ തന്റെ അഭിഭാഷകർക്കൊപ്പമാണ് യുവരാജ് ഹാജരായത്.
രാജ്യത്തെ പല നിയമങ്ങളും ലംഘിക്കുന്നുവെന്നും അനധികൃത ചൂതാട്ടത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ആരോപിക്കപ്പെടുന്ന വണ്‍എക്സ് ആപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് യുവരാജിനെ ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചത്.
വണ്‍എക്സ് ആപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ മുൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാനെയും സുരേഷ് റെയ്നയെയും റോബിൻ ഉത്തപ്പയെയും മുൻ തൃണമൂൽ എംപിയായ മിമി ചക്രബർത്തിയെയും ചോദ്യം ചെയ്യലിനായി കഴിഞ്ഞയാഴ്ച ഇഡി വിളിപ്പിച്ചിരുന്നു. ബോളിവുഡ് താരമായ സോനു സൂഡിനോട് ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.