വോട്ടുകൊള്ള തടയാൻ കോൺഗ്രസിന്റെ വോട്ടുരക്ഷക സേന
Wednesday, September 24, 2025 1:53 AM IST
ന്യൂഡൽഹി: വോട്ടുകൊള്ള തടയുന്നതിനായി കോണ്‍ഗ്രസ് "വോട്ടുരക്ഷക സേന' സജ്ജമാക്കുന്നു. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ബൂത്തുകൾ തോറും കണ്ടെത്തി റിപ്പോർട്ട് ചെയ്യാനും തിരുത്തിക്കാനുമാകും സന്നദ്ധസംഘം പ്രധാനമായും പ്രവർത്തിക്കുക.
വോട്ടുമോഷണം തടയുന്നതിനുള്ള കോണ്‍ഗ്രസിന്റെ സന്നദ്ധപ്രവർത്തകരുടെ പരിശീലനം അടക്കമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രിയങ്ക ഗാന്ധി വദ്ര താത്പര്യമെടുത്തിട്ടുണ്ട്. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ സംഘവും നിരീക്ഷിക്കും. വോട്ടുരക്ഷകരുമായി പിന്നീട് രാഹുൽ നേരിട്ടു സംസാരിക്കും.
പഞ്ചായത്ത്, നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കഴിയുന്നത്ര ബൂത്തുകളിൽ വോട്ടുസംരക്ഷകരെ നിയോഗിക്കും. ഇവർക്കു കൃത്യമായ പരിശീലനം നൽകാൻ പിസിസികളെയും ഡിസിസികളെയും ചുമതലപ്പെടുത്തും. തെരഞ്ഞെടുപ്പിനു മുന്നോടിയായി സർവേകൾ നടത്താനും ഈ സംഘത്തെ നിയോഗിക്കാനും ആലോചനയുണ്ട്.
വോട്ടർപട്ടികയിൽ വ്യാപക കൃത്രിമം നടന്നതായി സംശയമുള്ള മണ്ഡലങ്ങളിലും നേരിയ വ്യത്യാസത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥികൾ തോറ്റതുമായ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാകും ആദ്യഘട്ടത്തിൽ വോട്ടുരക്ഷക് സേനയുടെ പ്രവർത്തനം.
വോട്ടർപട്ടിക സൂക്ഷ്മമായി പരിശോധിക്കുക, തെറ്റായ കൂട്ടിച്ചേർക്കലുകളും വെട്ടിനീക്കലുകളും പോലുള്ള ക്രമക്കേടുകൾ കണ്ടെത്തുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു സമയോചിതമായി രേഖാമൂലം പരാതി നൽകുക തുടങ്ങിയവയാണു സേനയുടെ ചുമതല. തെരഞ്ഞെടുപ്പു പ്രക്രിയയിൽ ഫോം 6, 7, 8 എന്നിവയുടെ ഉപയോഗം പ്രത്യേകം പരിശീലിപ്പിക്കും.