ചാർലി കിർക്കിന് വിടചൊല്ലി അമേരിക്ക
Monday, September 22, 2025 11:31 PM IST
ഫീനിക്സ്: വെടിയേറ്റു മരിച്ച ഇൻഫ്ലുവൻസറും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്ന ചാർലി കിർക്കിന് നിറമിഴികളോടെ വിടചൊല്ലി അമേരിക്ക.
അരിസോണ സംസ്ഥാനതലസ്ഥാനമായ ഫീനിക്സിനടുത്ത് ഗ്ലെൻഡെയിലിലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകുന്നേരം നടന്ന വിടവാങ്ങൽ ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. 67,000 പേരെ ഉൾക്കൊള്ളാനാകുന്ന സ്റ്റേഡിയത്തിൽ നടന്ന അനുസ്മരണപരിപാടിയിലേക്ക് രണ്ടു ലക്ഷത്തിലേറെ പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത എല്ലാവരും നിറമിഴികളോടെയാണ് ചാർലിയെ അനുസ്മരിച്ചത്. ചാർലി കിർക്ക് അമേരിക്കയുടെ മഹാനായ നായകനും രക്തസാക്ഷിയുമാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡോണൾഡ് ട്രംപ് പറഞ്ഞു.
ധീരമായി ജീവിച്ചതിനാലും മൂല്യങ്ങൾക്കുവേണ്ടി ഉജ്വലമായി വാദിച്ചതിനാലുമാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും സ്റ്റേഡിയം തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന്റെ കരഘോഷങ്ങൾക്കിടെ ട്രംപ് പറഞ്ഞു. മഹത്തായ ലക്ഷ്യങ്ങളോടെ പ്രവർത്തിച്ച തീക്ഷ്ണമതിയും മാന്യനുമായ ഒരു മിഷണറിയായിരുന്നു ചാർലി കിർക്ക്. അദ്ദേഹം തന്റെ എതിരാളികളെ വെറുത്തില്ല. അവർക്ക് ഏറ്റവും നല്ലത് വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു-ട്രംപ് പറഞ്ഞു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പുറമെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വിൽസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂണിയർ, ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ്, ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂണിയർ, വ്യവസായ പ്രമുഖൻ ഇലോൺ മസ്ക് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഉടക്കിപ്പിരിഞ്ഞ വ്യവസായപ്രമുഖൻ ഇലോൺ മസ്കുമായുള്ള ട്രംപിന്റെ മഞ്ഞുരുകലിനും ചടങ്ങ് സാക്ഷിയായി.
കഴിഞ്ഞ പത്തിന് യൂട്ടാ യൂണിവേഴ്സിറ്റി കാമ്പസിൽ ഒരു പൊതുചർച്ചയ്ക്കിടെയാണ് 31 കാരനായ ചാർലി കിർക്ക് വെടിയേറ്റു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ടൈലർ റോബിൻസൺ എന്ന 22കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷം പരത്തുന്നതിനാലാണ് ചാർലി കിര്‍ക്കിനെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ടൈലര്‍ റോബിന്‍സണിനെതിരേ കൊലപാതകം ഉള്‍പ്പെടെ ഏഴു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഭർത്താവിന്റെ ഘാതകനോടു ക്ഷമിക്കുന്നതായി എറിക്ക
“ഞാൻ അവനോട് ക്ഷമിക്കുന്നു.” നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിൽ നിന്നുകൊണ്ട് ചാർലി കിർക്കിന്റെ ഭാര്യ എറിക്ക കിർക്ക് കണ്ണീരോടെ പറഞ്ഞു. തന്റെ ഭർത്താവിന്റെ കൊലയാളിയോട് ക്ഷമിക്കുന്നു എന്ന വാക്കുകൾ അവിടെ കൂടിയിരുന്ന ജനങ്ങൾ കരഘോഷത്തോടെയാണു സ്വീകരിച്ചത്.
“കുരിശിൽ കിടന്നുകൊണ്ട്, പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോടു ക്ഷമിക്കണമേ എന്നു നമ്മുടെ രക്ഷകനായ യേശുക്രിസ്തു പറഞ്ഞതുപോലെ ആ യുവാവായ മനുഷ്യനോട് ഞാനും ക്ഷമിക്കുന്നു. കാരണം എന്റെ ഭർത്താവ് യുവജനങ്ങളെ രക്ഷിക്കാൻ ആഗ്രഹിച്ചിരുന്നയാളാണ്. വെറുപ്പിനുള്ള ഉത്തരം വെറുപ്പല്ല” -എറിക്ക പറഞ്ഞു.
ചാർലി ജീവിച്ചിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നോ അതാണു താന്‍ ചെയ്തതെന്നും എറിക്ക ചൂണ്ടിക്കാട്ടി. പലകുറിയും വാക്കുകൾ മുഴുമിപ്പിക്കാതെ വിങ്ങിപ്പൊട്ടിയാണു എറിക്ക സംസാരിച്ചത്.
ചാർലി കിർക്ക് സ്ഥാപിച്ച ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സിഇഒയായി എറിക്കയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഭർത്താവ് തുടങ്ങിവച്ച ആശയപ്രചാരണം തുടരുമെന്നും അദ്ദേഹത്തിന്റെ ശബ്ദം ലോകമെങ്ങും പ്രചരിപ്പിക്കുമെന്നും എറിക്ക വ്യക്തമാക്കിയിട്ടുണ്ട്.
ചാർലി കിർക്ക് വധം അമേരിക്കയിലെ വലതുപക്ഷ-യാഥാസ്ഥിതിക മുന്നേറ്റത്തിനു ശക്തി പകർന്നതായാണു റിപ്പോർട്ടുകൾ.
ചാർലിയുടെ സ്മരണാർഥം രാജ്യത്തെ കാന്പസുകളിലെങ്ങും സംഘടിപ്പിച്ച പ്രാർഥനാപരിപാടികളിൽ വിദ്യാർഥികൾ ഒന്നടങ്കം പങ്കെടുത്തു. സംഭവത്തിനുശേഷം ഞായറാഴ്ചകളിൽ പള്ളികളിൽ പോകുന്ന ക്രിസ്ത്യൻ യുവജനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.