പാക് തീവ്രവാദ കേന്ദ്രത്തിൽ സ്ഫോടനം; നിരവധിപ്പേർ കൊല്ലപ്പെട്ടു
Monday, September 22, 2025 11:31 PM IST
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട്. സ്ഫോടന കാരണം സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ടുകൾ പുറത്തുവന്നു.
ഭീകരരെ ലക്ഷ്യമിട്ട് പാക് വ്യോമസേന ബോംബാക്രമണം നടത്തുകയായിരുന്നുവെന്നും 30 സിവിലിയന്മാരാണു കൊല്ലപ്പെട്ടതെന്നും ഒരു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഭീകരർ ബോംബ് നിർമാണത്തിനു സൂക്ഷിച്ചിരുന്ന വസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്നും 14 ഭീകരരടക്കം 24 പേരാണു കൊല്ലപ്പെട്ടതെന്നും മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.
തിറാ താഴ്വരയിലെ മതുർ ദാര ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് സ്ഫോടനം ഉണ്ടായത്.
പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ഭീകരർ ബോംബു നിർമിക്കാൻ സൂക്ഷിച്ചിരുന്ന വസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്നി തിറായിലെ പോലീസ് ഓഫീസർ സഫർ ഖാൻ പറഞ്ഞു.
പാക് യുദ്ധവിമാനങ്ങൾ ബോംബിട്ടു എന്നത് വ്യാജ പ്രചാരണം ആണെന്ന് തിറായിലെ പ്രാദേശിക അധികൃതരും പറഞ്ഞു.
എന്നാൽ, പാക് സേന വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്. എൽഎസ്-6 ഇനത്തിൽപ്പെട്ട എട്ട് ബോംബുകളാണ് പാക് സേന ഇട്ടതെന്നും പറയുന്നു.
സ്ഫോടനമുണ്ടായ സ്ഥലം പ്രാദേശിക തീവ്രവാദികളുടെ കേന്ദ്രമായിരുന്നു. ഇവിടെ ബോംബുകൾ നിർമിക്കുകയും വെടിവയ്പ് പരിശീലനം നല്കുകയും ചെയ്തിരുന്നു.