നൈജീരിയയില്‍ വീണ്ടും വൈദികന് കൊല്ലപ്പെട്ടു
Tuesday, September 23, 2025 2:03 AM IST
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു.
തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു.
കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.