നേപ്പാൾ മന്ത്രിസഭ വികസിപ്പിച്ചു
Monday, September 22, 2025 11:31 PM IST
കാഠ്മണ്ഡു: നാലു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി നേപ്പാളിലെ സുശീല കർക്കി മന്ത്രിസഭ വികസിപ്പിച്ചു.
മുൻ ജഡ്ജി അനിൽകുമാർ സിൻഹ, നാഷണൽ ഇന്നോവേഷൻ സെന്റർ സ്ഥാപകൻ മഹാബീർ പുൻ, മാധ്യമപ്രവർത്തകൻ ജഗദീഷ് ഖരേൽ, മദൻ പരിയാർ എന്നിവരാണ് ഇന്നലെ പ്രസിഡന്റ് രാമചന്ദ്ര പൗദേലിനു മുന്പാകെ സത്യപ്രതിജ്ഞ ചെയ്തത്.
ഇതോടെ നേപ്പാളിലെ ഇടക്കാല സർക്കാരിലെ മന്ത്രിമാരുടെ എണ്ണം എട്ടായി. പ്രധാനമന്തി ഉൾപ്പെടെ 25 മന്ത്രിമാരാണ് നേപ്പാളിൽ അനുവദനീയം. 11 മന്ത്രിമാരാണ് തന്റെ മന്ത്രിസഭയിൽ ഉണ്ടാകുകയെന്ന് സുശീല കർക്കി പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ അഞ്ചു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിരുന്നത്. എന്നാൽ, സംഗീത കൗശൽ മിശ്രയെ ഇന്നലെ ഒഴിവാക്കി. ഇവരുടെ വിവാദ പശ്ചാത്തലമാണു കാരണം. പ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് പ്രധാനമന്ത്രിതന്നെയാണ്. അനിൽകുമാർ സിൻഹയ്ക്ക് വ്യവസായം, വാണിജ്യം വകുപ്പുകൾ ലഭിച്ചു.