ഇറാൻ ആയിരം പേരെ തൂക്കിലേറ്റി
Wednesday, September 24, 2025 12:32 AM IST
ടെഹ്റാൻ: ഇറാനിൽ ഈ വർഷം ഇതുവരെ ആയിരത്തിലേറെ പേരെ വധശിക്ഷയ്ക്കു വിധേയരാക്കിയെന്ന് സന്നദ്ധ സംഘടന. കഴിഞ്ഞയാഴ്ച മാത്രം 64 പേരുടെ വധശിക്ഷ നടപ്പാക്കി.
നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഹ്യൂമൻ റൈറ്റ്സ് (ഐഎച്ച്ആർ) ആണ് ഇക്കാര്യം അറിയിച്ചത്. 2008ൽ ഇറാനിൽ 978 പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.
മൂന്നു ദശകത്തിനിടെ ഇറാനിൽ വധശിക്ഷ നടപ്പാക്കുന്നത് വൻതോതിൽ വർധിച്ചുവെന്ന് ആക്ടിവിസ്റ്റുകൾ പറയുന്നു. തൂക്കിലേറ്റിയാണ് പ്രധാനമായും വധശിക്ഷ നടപ്പാക്കുന്നത്. ജയിലുകളിലാണ് സാധാരണ വധശിക്ഷ നടപ്പാക്കുന്നത്.
ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യം ഇറാനാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു. ചൈനയിൽ ഓരോ വർഷവും ആയിരക്കണക്കിനു പേരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കുന്നത്.