മതാന്തരസംവാദം അനിവാര്യം: കർദിനാൾ മാർ കൂവക്കാട്ട്
Wednesday, September 24, 2025 12:32 AM IST
വത്തിക്കാൻ സിറ്റി: മതാന്തരസംവാദം ഇന്നിന്റെ അനിവാര്യതയാണെന്ന് മതാന്തരസംവാദത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ തലവൻ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ട്.
ഈമാസം 19-20 തീയതികളിൽ കസാക്കിസ്ഥാനിൽ നടന്ന ലോക പരമ്പരാഗത മതനേതാക്കളുടെ എട്ടാമതു സമ്മേളനത്തിനിടെ കത്തോലിക്കാമാധ്യമമായ ഇഡബ്ലുടിഎൻ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മതാന്തരസംവാദം എന്നാൽ ബന്ധങ്ങൾ കെട്ടിപ്പടുക്കുക എന്നതാണ്. ബന്ധങ്ങളില്ലാതെ നമുക്ക് മുന്നോട്ടുപോകാൻ കഴിയില്ല. മറ്റുള്ളവർ എന്താണു വിശ്വസിക്കുന്നതെന്ന് നമ്മൾ ശരിക്കും അറിയുകയും നമ്മുടെ ആശങ്കകൾ പങ്കുവയ്ക്കുകയും വേണം. അല്ലെങ്കിൽ നമ്മൾ മറ്റുള്ളവരുടെ അഭിപ്രായം സ്വീകരിക്കുകയും അവർ അങ്ങനെയാണെന്ന് കരുതുകയും വേണം. -മാർ കൂവക്കാട്ട് പറഞ്ഞു. മറ്റു മതങ്ങളെ കൃത്രിമബുദ്ധിയുടെയോ ഓൺലൈൻ വ്യാഖ്യാനത്തിന്റെയോ അടിസ്ഥാനത്തിൽ ലളിതവത്കരിക്കുന്നതിനെതിരേ അദ്ദേഹം മുന്നറിയിപ്പ് നൽകി.
പരസ്പരവിശ്വാസത്തിൽ വേരൂന്നിയ പരസ്പരമുള്ള ധാരണയിലേക്ക് മടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു. മതവിശ്വാസികളായ നാം മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്ന വേളകൾ നമ്മുടെ വിശ്വാസം വിശദീകരിക്കാനുള്ള ഒരു നിമിഷംകൂടിയാണ്.
മഹാമാരിക്കുശേഷം ജീവിതം സമാധാനപരവും ശാന്തവുമാകുമെന്ന് നമ്മൾ കരുതി. പക്ഷേ കാര്യങ്ങൾ അങ്ങനെയായില്ല. വ്യത്യസ്ത തരത്തിലുള്ള വെല്ലുവിളികൾ ലോകം നേരിടുന്നു. പ്രത്യേകിച്ച് സംഘർഷങ്ങൾ, യുദ്ധങ്ങൾ, വ്യാപാരയുദ്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട്. മനുഷ്യത്വം തന്നെ ഒരുതരം അന്ധകാരത്തിലേക്ക് നീങ്ങുന്നതായി തോന്നുന്നു.
പരസ്പരസംഭാഷണത്തിലൂടെ, ഒരുമിച്ച് നടന്നാൽ മാത്രമേ നമുക്ക് ദൈനംദിന ജീവിതത്തിൽ കുറച്ച് പ്രതീക്ഷയും കുറച്ച് വെളിച്ചവും കൊണ്ടുവരാൻ കഴിയൂ.-കർദിനാൾ കൂവക്കാട്ട് പറഞ്ഞു.