പാരസെറ്റമോളിന് ട്രംപിന്റെ സ്മോൾ പാര
Wednesday, September 24, 2025 12:32 AM IST
മോസ്കോ: പാരസെറ്റമോൾ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ശിശുരോഗ വിദഗ്ധയും ലോകാരോഗ്യസംഘടനാ മുൻ ഗവേഷകയുമായ ഡോ. സൗമ്യ സ്വാമിനാഥൻ.
പാരസെറ്റമോൾ ഓട്ടിസത്തിനു കാരണമായേക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനു പിന്നാലെയാണു സൗമ്യ സ്വാമിനാഥൻ വിശദീകരണവുമായി രംഗത്തെത്തിയത്.
പാരസെറ്റമോളിലെ പ്രധാന ഘടകമായ വേദനസംഹാരി ടൈലനോൾ ഓട്ടിസത്തിനു കാരണമാകുമെന്നായിരുന്നു ട്രംപിന്റെ പരാമർശം. ഗർഭിണികൾ ടൈലനോൾ കഴിക്കരുതെന്നും അവ ഓട്ടിസവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.
പാരസെറ്റമോളിനെ ഓട്ടിസവുമായി ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് എൻഡിടിവിക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. നിരവധി പഠനങ്ങൾ പാരസെറ്റമോളിന്റെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്നും ഡോക്ടറുടെ നിർദേശപ്രകാരം മരുന്ന് ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.
വൈദ്യോപദേശത്തിനായി ഗൂഗിളിനെ ആശ്രയിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. “പാരസെറ്റമോൾ ഉൾപ്പെടെയുള്ള ഏത് മരുന്നിന്റെയും ദീർഘകാല ഉപയോഗം വൃക്കകൾക്കു ദോഷകരമാണ്. പാരസെറ്റമോൾ വൃക്ക തകരാറിലാക്കിയേക്കാം.
എന്നാൽ, ഡോക്ടറുടെ മേൽനോട്ടത്തിൽ കഴിക്കുമ്പോൾസുരക്ഷിതമാണ്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റെട്രിക്സ് നിർദേശിക്കുന്നപ്രകാരം ഏറ്റവും സുരക്ഷിതമായ മരുന്നാണ് പാരസെറ്റമോൾ’’ - ഡോ. സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാട്ടി.