യുഎന്നിലും ട്രംപിന്റെ വീരവാദങ്ങൾ
Wednesday, September 24, 2025 12:32 AM IST
യുണൈറ്റഡ് നേഷൻസ്: അവസാനിക്കില്ലെന്ന് കരുതിയിരുന്ന ഏഴ് യുദ്ധങ്ങൾ ഏഴു മാസത്തിനിടെ അവസാനിപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദം. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചതിനു മധ്യസ്ഥത വഹിച്ചുവെന്ന പതിവ് അവകാശവാദവും അദ്ദേഹം ആവർത്തിച്ചു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിലൂടെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനു മുഖ്യമായും സാന്പത്തികസഹായം നൽകുന്നത് ഇന്ത്യയും ചൈനയുമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് യൂറോപ്യൻ യൂണിയൻ ഉടൻ അവസാനിപ്പിക്കണം. മറിച്ചായാല്‍ നമ്മളെല്ലാവരും ഏറെ സമയം പാഴാക്കേണ്ടിവരും.
“ഏഴുമാസംകൊണ്ട് ഏഴ് യുദ്ധങ്ങളാണ് അവസാനിപ്പിച്ചത്. അവർ പറഞ്ഞിരുന്നു, യുദ്ധം തീർക്കില്ലെന്ന്. 31 വർഷമായി തുടരുന്നതാണ് അതിലെ രണ്ട് യുദ്ധങ്ങളെന്ന് ഓർക്കണം. ഒരെണ്ണം 36 വർഷമായതും.
കന്പോഡിയ, തായ്ലൻഡ്, കൊസോവോ, സെർബിയ, കോംഗോ, റാവാണ്ട എന്നിവിടങ്ങളിലെ സംഘർഷങ്ങൾ, പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള, ഇസ്രയേൽ-ഇറാൻ, ഈജിപ്റ്റ്- എത്യോപ്യ, അർമേനിയ-അസർബൈജാൻ സംഘർഷങ്ങളെല്ലാം ഇവയിൽപ്പെടും’’-ട്രംപ് പറഞ്ഞു.
കുടിയേറ്റത്തിനെതിരേയും ട്രംപ് രൂക്ഷമായാണു സംസാരിച്ചത്.
കുടിയേറ്റം മൂലം യൂറോപ്പ് നരകത്തിലേക്കു നീങ്ങുകയാണ്. വാതിലുകള്‍ തുറന്നിടുക എന്ന പരാജയപ്പെട്ട പരീക്ഷണം അവസാനിപ്പിക്കാന്‍ സമയമായി. യുഎന്നിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനു സഹായം പോലും യുഎന്‍ നല്‍കുന്നില്ല. പൊള്ളയായ വാക്കുകളാണ് യുഎന്‍ നല്‍കുന്നത്.
പൊള്ളയായ വാക്കുകള്‍ക്കു സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാവില്ല-ട്രംപ് കുറ്റപ്പെടുത്തി.