സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കിൽ സംഘർഷം; നാലു മരണം
Thursday, September 25, 2025 2:50 AM IST
ലേ: സംസ്ഥാനപദവി ആവശ്യപ്പെട്ട് ലഡാക്കിൽ നൂറുകണക്കിനു പേർ നടത്തിയ പ്രതിഷേധത്തിനിടെ നാലു പേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. 22 പോലീസുകാർ ഉൾപ്പെടെ 59 പേർക്കു പരിക്കേറ്റു.
പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ ബിജെപി ആസ്ഥാനവും പോലീസിന്റേതുൾപ്പെ ടെ നിരവധി വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചു.
ബിജെപിയുടെയും ഹിൽ കൗൺസിലിന്റെയും ആസ്ഥാനത്തിനു നേർക്ക് കല്ലേറുണ്ടായതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടുകയായിരുന്നു. പ്രദേശത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് അധികൃതർ അറിയിച്ചു.
ലേ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ലഡാക്ക് ലഫ്. ഗവർണർ കവീന്ദർ ഗുപ്ത പറഞ്ഞു. സംഘർഷത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അക്രമികൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധം അവസാനിപ്പിക്കാൻ പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക് യുവാക്കളോട് അഭ്യർഥിച്ചു. 15 ദിവസമായി നടത്തിവന്ന നിരാഹാരസമരം വാംഗ്ചുക് ഇന്നലെ നിർത്തിവച്ചു. വാംഗ്ചുകിനു പിന്തുണയുമായി അനവധി അനുയായികൾ നിരാഹാരസമരം നടത്തുന്ന സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
ലഡാക്കിനു പൂർണ സംസ്ഥാന പദവി നല്കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഈ മാസം പത്തു മുതൽ 15 നേതാക്കൾ 35 ദിവസത്തെ നിരാഹാരസമരം നടത്തിവരികയായിരുന്നു.
ടിസെറിംഗ് ആംഗ്ചുക് (72), താഷി ഡോൽമ (60) എന്നിവരുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ചൊവ്വാഴ്ച ആശുപത്രിയിലേക്കു മാറ്റി. ഇതോടെ ലഡാക്ക് അപ്പെക്സ് ബോഡി (എൽഎബി) യൂത്ത് വിംഗ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു സംബന്ധിച്ച് മുന്പും ചർച്ച നടന്നിരുന്നു. ഒക്ടോബർ ആറിന് ആഭ്യന്തര മന്ത്രാലയവും ലഡാക്ക് അപ്പെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലൈൻസ് (കെഡിഎ) എന്നിവയുടെ പ്രതിനിധികളും ചർച്ച നടത്താനിരിക്കേയാണു സംഘർഷമുണ്ടായത്.
ചർച്ച ഈ മാസം 25നോ 26നോ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. 2019 ഓഗസ്റ്റിലാണ് ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ജമ്മു കാഷ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപവത്കരിച്ചത്.
ലഡാക്കിലെ പ്രതിഷേധം കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര ആരോപിച്ചു.