‘മതപരിവർത്തനം നിയമവിരുദ്ധമാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിലുള്ള വിവാഹം അസാധുവാകും’
Thursday, September 25, 2025 2:34 AM IST
ന്യൂഡൽഹി: മതപരിവർത്തനം നിയമവിരുദ്ധമാണെങ്കിൽ അതിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന വിവാഹം സ്വമേധയാ അസാധുവാകുമെന്ന് അലഹബാദ് ഹൈക്കോടതി. ഇങ്ങനെ വിവാഹിതരായി എന്നുപറയുന്ന സ്ത്രീയെയും പുരുഷനെയും നിയമത്തിനു മുന്നിൽ ദന്പതികളായി അംഗീകരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റീസ് സൗരവ് ശ്രീവാസ്തവ വ്യക്തമാക്കി.
തന്റെ സമാധാനപരമായ ദാന്പത്യജീവിതത്തിൽ ഇടപെടരുതെന്നാവശ്യപ്പെട്ട് മുഹമ്മദ് ബിൻ കാസിം എന്ന വ്യക്തിയാണു ഹൈക്കോടതിയെ സമീപിച്ചത്. മുസ്ലിം വിഭാഗത്തിൽപ്പെട്ട കാസിം ഹിന്ദു വിശ്വാസിയായിരുന്ന ചന്ദ്രകാന്ത എന്ന യുവതിയെ മുസ്ലിം മതാചാരപ്രകാരം വിവാഹം ചെയ്തതാണു പ്രശ്നങ്ങൾക്കു കാരണമായത്.
ഈ വർഷം ഫെബ്രുവരി 22 ന് ചന്ദ്രകാന്ത ഹിന്ദുവിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചു. തുടർന്ന് ജൈനബ് പർവീൻ എന്ന പേരും അവർ സ്വീകരിച്ചു. ഇത്തരത്തിൽ മതം മാറി എന്നതിനുള്ള രേഖകൾ പർവീന് ബന്ധപ്പെട്ട ആളുകൾ കൈമാറി. കഴിഞ്ഞ മേയ് 26നാണ് ഇരുവരും ഇസ്ലാം മതാചാരപ്രകാരം വിവാഹിതരായത്.
എന്നാൽ മതം മാറി എന്നുപറഞ്ഞ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും അതിനാൽ ഇസ്ലാം മതാചാരപ്രകാരമുള്ള വിവാഹം നിലനിൽക്കില്ലെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയ കോടതി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം മതത്തിനുപുറത്ത് വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി നൽകി. ഇതരമതത്തിൽപ്പെട്ട ഒരാളെ വിവാഹം ചെയ്യാൻ ഇസ്ലാം മതനിയമപ്രകാരം സാധ്യമല്ലാത്ത സാഹചര്യത്തിലാണു കോടതിയുടെ ഉത്തരവ്.
സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ള രേഖകൾ ലഭിക്കുന്നതുവരെ പെണ്കുട്ടിയെ പ്രയാഗ് രാജിലെ വനിതാസംരക്ഷണ ഭവനത്തിൽ പാർപ്പിക്കാനും കോടതി നിർദേശിച്ചു. മാതാപിതാക്കൾക്ക് ഒപ്പം പോകാൻ പെണ്കുട്ടി തയാറാകാത്ത സാഹചര്യത്തിലാണ് ഈ നടപടി.