വോട്ട് ചോരി: പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനം, കോഴിക്കോട്ട് സമ്മേളനം നടത്തും
Thursday, September 25, 2025 2:50 AM IST
പാറ്റ്ന: വോട്ട് ചോരി പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട്ട് കോൺഗ്രസ് സമ്മേളനം നടത്തും. പാറ്റ്നയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമി തി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ദീപികയോടു പറഞ്ഞു.
തീയതി പിന്നീട് തീരുമാനിക്കും. രാഹുൽ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കൾ സമ്മേളനത്തിൽ പ്രസംഗിക്കും. ഭവനസന്ദർശനവും ഒപ്പുശേഖരണവും ഊർജിതമാക്കുമെന്നും സണ്ണി ജോസഫ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പറഞ്ഞു.
തീവ്ര വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് നമ്മുടെ ജനാധിപത്യം നേരിടുന്ന ഏറ്റവുംവലിയ ഭീഷണിയെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. വോട്ടർപട്ടികയിൽ കൃത്രിമത്വം ഉണ്ടാക്കി അധികാരത്തിലെത്താനുള്ള ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളിലെ മറ്റൊരു ഉപകരണമാണിത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ, ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, സച്ചിൻ പൈലറ്റ്, ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ബിഹാറിലെ ചരിത്രപ്രസിദ്ധമായ സദാഖത് ആശ്രമത്തിൽ നടന്ന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരെ കണ്ട ജയറാം രമേശ് വോട്ടുകൊള്ള സംബന്ധിച്ച കൂടുതൽ ആരോപണങ്ങൾ രാഹുൽ ഗാന്ധി ഉന്നയിക്കുമെന്നു സ്ഥിരീകരിച്ചു. അടുത്ത മാസം രാഹുൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തും. ഹൈഡ്രജൻ ബോംബോ, മിനി ഹൈഡ്രജൻ ബോംബോ, അല്ലെങ്കിൽ പ്ലൂട്ടോണിയം ബോംബോ ആകാം അത്.
ബിഹാറിൽ എൻഡിഎ സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു. രണ്ടുമാസത്തിനുള്ളിൽ ബിഹാറിൽ മഹാസഖ്യം അധികാരമുറപ്പിക്കും. വോട്ട് മോഷണവും വോട്ടർപട്ടികയിലെ മറ്റു ക്രമക്കേടുകളുമെല്ലാം നമ്മുടെ ജനാധിപത്യത്തിന്റെ ആധാരശിലയായ ജനവിശ്വാസം ഇല്ലാതാക്കിക്കഴിഞ്ഞു. വോട്ട് ചോരിക്കെതിരേ ശക്തമായ നിലപാടെടുത്ത രാഹുലിനെ വർക്കിംഗ് കമ്മിറ്റി അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വോട്ടിംഗ് ക്രമക്കേടുകളിൽ പാർലമെന്റിലും രാജ്യത്തെ തെരുവുകളിലും കോൺഗ്രസിന്റെ പോരാട്ടം തുടരും. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണീ പോരാട്ടം-ജയറാം രമേശ് പറഞ്ഞു.