കുട്ടികളുടെ തിരോധാനം; ഓണ്‍ലൈൻ പോർട്ടൽ സ്ഥാപിക്കാൻ സുപ്രീംകോടതി നിർദേശം
Thursday, September 25, 2025 2:50 AM IST
ന്യൂഡൽഹി: കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനും അത്തരം കേസുകൾ അന്വേഷിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഓണ്‍ലൈൻ പോർട്ടൽ സൃഷ്ടിക്കാൻ സുപ്രീംകോടതി നിർദേശം.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിന് ഇതുമായി ബന്ധപ്പെട്ട പോലീസ് അധികാരികൾക്കിടയിലെ ഏകോപനമില്ലായ്മ ആശങ്കയുണ്ടാക്കുന്നതാണെന്നും ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുട്ടികളെ കണ്ടെത്തുന്നതിന് രാജ്യവ്യാപകമായ ഏകോപിത ശ്രമം അത്യാവശ്യമാണ്. ആഭ്യന്തരമന്ത്രാലയം നിർമിക്കുന്ന ഓണ്‍ലൈൻ പോർട്ടൽ കൈകാര്യം ചെയ്യുന്നതിന് ഓരോ സംസ്ഥാനത്തുനിന്നും ഒരു ഉദ്യോഗസ്ഥൻ വീതം ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി.
ഈ വിഷയത്തിൽ പ്രതികരണം തേടാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോടു കോടതി നിർദേശിച്ചു. കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ കൈമാറാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. "ഗുരിയ സ്വയം സേവി സൻസ്ഥാൻ' എന്ന സർക്കാരിതര സംഘടന സമർപ്പിച്ച ഹർജിയിലാണു സുപ്രീംകോടതിയുടെ നടപടി.