സിബിഎസ്ഇ പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍
Thursday, September 25, 2025 2:50 AM IST
ന്യൂഡല്‍ഹി: ഈ അധ്യയനവര്‍ഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി. 2026 ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിലായി പരീക്ഷകൾ പൂര്‍ത്തിയാക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 17നാണു തുടങ്ങുക.
പത്താംക്ലാസ് പരീക്ഷ മാര്‍ച്ച് 19 നും 12ാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനും പൂർത്തിയാകും. ഭൂരിഭാഗം പരീക്ഷകളും 10.30ന് തുടങ്ങി ഒന്നരയ്ക്ക് അവസാനിക്കുംവിധമാണു ക്രമീകരിച്ചിരിക്കുന്നത്.
10, 12 ക്ലാസുകളിലെ മുഖ്യപരീക്ഷ, പന്ത്രണ്ടാം ക്ലാസ് കായിക വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ, പത്താം ക്ലാസുകാര്‍ക്കുള്ള രണ്ടാമത്തെ ബോര്‍ഡ് പരീക്ഷ, പന്ത്രണ്ടാം ക്ലാസുകാര്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷ എന്നിവ ഉള്‍പ്പെടെ പരീക്ഷാനടപടികൾ ജൂലൈ 15നകം പൂര്‍ത്തിയാകും.
ഈ അധ്യയനവര്‍ഷം 204 വിഷയങ്ങളിലായി 45 ലക്ഷത്തോളം വിദ്യാര്‍ഥികളാണു പരീക്ഷയെഴുതുക. ഇന്ത്യയിലും വിദേശത്തെ 26 രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. ഓരോ പരീക്ഷ കഴിഞ്ഞ് പത്തുദിവസത്തിനകം മൂല്യനിര്‍ണയം തുടങ്ങും. പന്ത്രണ്ടുദിവസത്തിനകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.