ലൈംഗിക അതിക്രമം: ഡൽഹിയിലെ ‘ആൾദൈവ’ത്തിനെതിരേ കേസ്
Thursday, September 25, 2025 2:50 AM IST
ന്യൂഡൽഹി: വിദ്യാർഥിനികൾക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് സ്വയംപ്രഖ്യാപിത ആൾദൈവത്തിനെതിരേ ഡൽഹി പോലീസ് കേസെടുത്തു. ഡൽഹിയിലെ ഒരു മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന 17 ഓളം വിദ്യാർഥിനികളാണു സ്വാമി ചൈതന്യാനന്ദ സരസ്വതി എന്നറിയപ്പെടുന്ന പാർഥ സാരഥിക്കെതിരേ ലൈംഗികാതിക്രമം ആരോപിച്ചിരിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് പരാതി നല്‍കിയിരിക്കുന്നത്. അനുചിതമായി സ്പര്‍ശിച്ചെന്നും അശ്ലീല സന്ദേശം അയച്ചെന്നും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചെന്നുമാണ് ഓഗസ്റ്റ് നാലിനു നൽകിയ പരാതിയിൽ പറയുന്നത്. ആരോപണത്തിനു പിന്നാലെ സ്വാമിയെ സ്ഥാപനത്തില്‍നിന്നു പുറത്താക്കി.
ഇൻസ്റ്റിറ്റ്യൂട്ടിലെ 32 പിജി വിദ്യാർഥികളുടെ മൊഴിയെടുത്തതിൽ 17 പേരും ചൈതന്യാനന്ദ തങ്ങൾക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലെ ചില ഫാക്കൽറ്റി അംഗങ്ങളും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ചൈതന്യാനന്ദയുടെ ആവശ്യങ്ങൾക്കു വഴങ്ങാൻ വിദ്യാർഥിനികളെ നിർബന്ധിച്ചുവെന്നും അയാളുടെ ആശ്രമത്തിലെ ചില വാർഡന്മാർ വിദ്യാർഥികളെ അദ്ദേഹത്തിനു പരിചയപ്പെടുത്തിക്കൊടുത്തതായും എഫ്ഐആറിൽ പറയുന്നുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ടിലെയും പ്രതിയുടെ വീട്ടിലെയും സിസിടിവികൾ വിശദമായി പരിശോധിച്ചെന്നും റെയ്ഡുകൾ നടത്തിയെന്നും പക്ഷേ ചൈതന്യാനന്ദ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അയാളെ ഏറ്റവും ഒടുവിൽ കണ്ടത് ആഗ്രയിലാണെന്നാണ് റിപ്പോർട്ടുകൾ.
അന്വേഷണത്തിനിടെ ഇൻസ്റ്റിറ്റ്യൂട്ടിലെ ബേസ്മെന്റിൽനിന്ന് ചൈതന്യാനന്ദ ഉപയോഗിച്ചിരുന്നതെന്ന് കരുതപ്പെടുന്ന ഒരു വോൾവോ കാർ കണ്ടെത്തിയിട്ടുണ്ട്. 39 യുഎൻ 1 എന്ന വ്യാജ നയതന്ത്ര നന്പർ പ്ലേറ്റ് ഉപയോഗിച്ചതിനും ഇയാൾക്കെതിരേ പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തേയും പ്രതി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു.
2009ല്‍ തട്ടിപ്പിനും ലൈംഗിക പീഡനത്തിനും ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. 2016ലും മറ്റൊരു ലൈംഗികപീഡന പരാതി ഇയാള്‍ക്കെതിരേ ഉണ്ടായിരുന്നു.