രാജ്യത്ത് 10,000 മെഡിക്കൽ സീറ്റുകൾക്കുകൂടി അനുമതി
Thursday, September 25, 2025 2:50 AM IST
ന്യൂഡൽഹി: രാജ്യത്തു മെഡിക്കൽരംഗത്തെ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായി 10,000 മെഡിക്കൽ സീറ്റുകൾ കൂടി അനുവദിക്കും.
കേന്ദ്രസർക്കാരിന്റെ സെൻട്രലി സ്പോണ്‍സേർഡ് സ്കീമിന്റെ (സിഎസ്എസ്) മൂന്നാംഘട്ടത്തിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭായോഗം അനുമതി നൽകിയതോടെ രാജ്യത്തുടനീളം 5,000 പിജി മെഡിക്കൽ സീറ്റുകളും 5,023 എംബിബിഎസ് സീറ്റുകളും സൃഷ്ടിക്കപ്പെടും.
ഈ അധ്യയനവർഷം മുതൽ 2028-29 വർഷം വരെയുള്ള മൂന്നുവർഷത്തേക്കായി 15,034.50 കോടി രൂപയാണ് പദ്ധതിക്കു ചെലവാകുന്നത്. ഇതിൽ 10,303.20 കോടി രൂപ കേന്ദ്രവിഹിതവും 4,731.30 കോടി രൂപ സംസ്ഥാനങ്ങൾ വഹിക്കേണ്ട വിഹിതവുമാണ്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 75,000 പുതിയ മെഡിക്കൽ സീറ്റുകൾ കൂട്ടിച്ചേർക്കുമെന്നുള്ള ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനപ്രകാരമാണു കേന്ദ്രം 10,000 സീറ്റുകൾ വർധിപ്പിച്ചിട്ടുള്ളത്.
രാജ്യത്തു നിലവിൽ 808 മെഡിക്കൽ കോളജുകളിലായി 1,23,700 എംബിബിഎസ് സീറ്റുകളാണുള്ളത്.