കപ്പൽനിർമാണം, സമുദ്ര ആവാസവ്യവസ്ഥ ; 69,725 കോടിയുടെ പദ്ധതിക്ക് അംഗീകാരം
Thursday, September 25, 2025 2:50 AM IST
ന്യൂഡൽഹി: നാവികമേഖലയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി കപ്പൽനിർമാണം, സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണം ഉൾപ്പെടെ പദ്ധതികൾക്കു 69,725 കോടിരൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു.
ചരക്കുനീക്കത്തിനു വിദേശകപ്പലുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക, സമുദ്ര ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുക എന്നിവയ്ക്കാണു പണം നീക്കിവയ്ക്കുന്നത്.
കപ്പൽനിർമാണത്തിനായി 24,738 കോടിരൂപ ചെലവഴിക്കും. കപ്പൽനിർമാണശാലകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും സാങ്കേതിക മേന്മ കൈവരിക്കുന്നതിനും മുൻഗണന നൽകും.
ചരക്കുനീക്കത്തിനായി വിദേശ ഷിപ്പിംഗ് കന്പനികൾക്കു പ്രതിവർഷം ആറുലക്ഷം കോടിരൂപയാണു ചെലവഴിക്കുന്നതെന്നും കപ്പൽ നിർമാണ മേഖലയിൽ സ്വയംപര്യാപ്തത അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.