മൂന്നാർ സ്വദേശിനി രമ രാജേശ്വരി നാഷണൽ ക്രൈം റിക്കാർഡ്സ് ഡെപ്യൂട്ടി ഡയറക്ടർ
Thursday, September 25, 2025 2:34 AM IST
ന്യൂഡൽഹി: ഇടുക്കി മൂന്നാറിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറും മലയാളിയുമായ രമ രാജേശ്വരിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയിൽ (എൻസിആർബി) ഡെപ്യൂട്ടി ഡയറക്ടറായി (ഡിഐജി) നിയമിച്ചു. തെലുങ്കാന കേഡറിൽനിന്നുള്ള 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണു രമ.
സോഫ്റ്റ്വേർ എൻജിനിയറായിരുന്ന രമ കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണു ഐപിഎസിലെത്തിയത്. മൂന്നാറിലെ മൂടൽമഞ്ഞിൽനിന്ന് ഇന്ത്യയിലെ നിയമപാലകരുടെ അധികാര ഇടനാഴികളിലേക്കുള്ള രമയുടെ യാത്ര സ്ഥിരോത്സാഹത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പ്രചോദനാത്മകമായ കഥയാണ്.
ദീപികയടക്കം പത്ര, മാസികകളിൽ ലേഖനങ്ങളെഴുതിയിട്ടുള്ള രമ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാളികൂടിയാണ്. നിയമനിർവഹണം, കുട്ടികളുടെ അവകാശങ്ങൾ, ലിംഗപരമായ പ്രശ്നങ്ങൾ, ചരിത്രം എന്നിവയിലാണ് എഴുത്തിന്റെ മേഖലയിൽ രമയുടെ പ്രധാന ശ്രദ്ധ.
നാഷണൽ പോലീസ് അക്കാഡമിയിൽനിന്നു നിരവധി പുരസ്കാരങ്ങൾ നേടിയശേഷമാണു തെലുങ്കാനയിലെ നിയമപാലനത്തിലേയ്ക്കെത്തിയത്. തെലുങ്കാനയിലെ അഞ്ചു ജില്ലകളിൽ എസ്പിയായും മാവോയിസ്റ്റ് തീവ്രവാദം രൂക്ഷമായിരുന്ന മേഖലകളിൽ പോലീസ് കമ്മീഷണറായും പ്രവർത്തിച്ചു.
ആന്ധ്ര- ഒഡീഷ അതിർത്തിയിലെ വനങ്ങൾക്കുള്ളിൽ നക്സൽ വിരുദ്ധ പോരാട്ടത്തിന് മികവുറ്റ നേതൃത്വം നൽകി. തെലുങ്കാനയിലെ വിഖ്യാത നക്സൽ വിരുദ്ധ കമാൻഡോ യൂണിറ്റായ ‘ഗ്രേഹൗണ്ട്സി’ ൽ അസോൾട്ട് കമാൻഡറായിരുന്നു.
സൈബർ സുരക്ഷ, നാർകോട്ടിക്സ് വിരുദ്ധ ഓപ്പറേഷനുകൾ, കമ്യൂണിറ്റി പോലീസിംഗ് തുടങ്ങിയവയിൽ മികവു കാട്ടി. പോലീസിലെ വനിതാ സുരക്ഷാവിഭാഗം ഡിഐജിയായിരിക്കെ മനുഷ്യക്കടത്തിനെതിരേയും സ്ത്രീസുരക്ഷയ്ക്കായും നിരവധി പദ്ധതികൾ നടപ്പാക്കി. കഴിഞ്ഞവർഷം അമേരിക്കയിൽ നടന്ന പരിശീലനപരിപാടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
ദേവികുളം താലൂക്ക് മുൻ ഡെപ്യൂട്ടി തഹസിൽദാർ സ്വാമിയുടെയും മൂന്നാർ ടാറ്റ സ്കൂളിലെ ഹെഡ്മിസ്ട്രസായിരുന്ന കൃഷ്ണമ്മയുടെയും മകളാണ്. കേന്ദ്ര ടീ ബോർഡിലെ ഉദ്യോഗസ്ഥ ഉമ ഇരട്ട സഹോദരിയും ദുബായിൽ നേവൽ ആർക്കിടെക്ടായ ജയൻ സഹോദരനുമാണ്. മുംബൈയിൽ എംബിഎ വിദ്യാർഥിയായ ടെഡ് മാമ്മൻ മകനാണ്.