ജമ്മു കാഷ്മീരിലെ നാല് രാജ്യസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 24ന്
Thursday, September 25, 2025 2:50 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ നാലു വർഷമായി ഒഴിഞ്ഞുകിടക്കുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം 24ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നാലു സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്.
2021 ഫെബ്രുവരിയിൽ പിഡിപി എംപിമാരായിരുന്ന മിർ മുഹമ്മദ് ഫയാസ്, നസീർ അഹമ്മദ് ലാവേ, ബിജെപിയുടെ ഷംഷേർ സിംഗ്, മുൻ കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദ് എന്നിവരുടെ കാലാവധി അവസാനിച്ചതോടെയാണു ഒഴിവു വന്നത്.
ആ സമയത്ത് രാഷ്ട്രപതി ഭരണത്തിലായിരുന്നു സംസ്ഥാനം. അതിനാൽ രാജ്യസഭാ സീറ്റിൽ ഒഴിവു വന്നെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നില്ല.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷം കഴിഞ്ഞവർഷം നവംബറിലാണ് സംസ്ഥാനത്തു നിയമസഭ രൂപീകരിച്ചത്. എങ്കിലും സംസ്ഥാന പദവി ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. നിലവിൽ നാഷണൽ കോണ്‍ഫറൻസ്-കോൺഗ്രസ് സഖ്യമാണു സംസ്ഥാനം ഭരിക്കുന്നത്.
ഒക്ടോബർ ആറിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 13 ആണ്.
സൂക്ഷ്മപരിശോധന 14നും നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതി 16 ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആംആദ്മി എംപിയായിരുന്ന സഞ്ജീവ് അറോറ രാജി വച്ചതിനെത്തുടർന്ന് പഞ്ചാബിൽ ഒഴിവുവന്ന ഒരു രാജ്യസഭാ സീറ്റിലേയ്ക്കും ഇതേദിവസം തെരഞ്ഞെടുപ്പ് നടക്കും.