സൂപ്പർ ഫോറിൽ പാക്കിസ്ഥാൻ ബംഗ്ലാദേശ് മത്സരം ഇന്ന്
Thursday, September 25, 2025 1:30 AM IST
ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ത്യ ഏകദേശം ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ഇന്നത്തെ മത്സരം ഇരു ടീമിനും നിർണായകമാണ്. വിജയികൾ രണ്ടാം ഫൈനലിസ്റ്റുകളാകും.
ഇന്ന് രാത്രി എട്ടിന് ദുബായിലാണ് മത്സരം. രണ്ടു മത്സരവും തോറ്റ ശ്രീലങ്ക പുറത്തേക്കുള്ള വഴി തുറന്നു. ഇനിയുള്ള മത്സരം ഇന്ത്യക്കെതിരേയാണ്.
പാക് പോരാട്ടം
സൂപ്പർ ഫോറിൽ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരേ ആറ് വിക്കറ്റ് തോൽവി. 171 എന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തിയെങ്കിലും ശക്തമായ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് മുന്നിൽ പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ അഞ്ച് വിക്കറ്റിന്റെ ജയം നേടി.
134 എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ ബാറ്റിംഗ് നിര വിയർത്തു. ബാറ്റർമാരുടെ സ്ഥിരതയില്ലാഴ്മ ടീം പ്രകനത്തിൽ തിരിച്ചടിയായെങ്കിലും ഒടുവിൽ 12 പന്ത് ബാക്കിവച്ച് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ജയം നേടി. ഷഹിബ്സാദ ഫർഹാനാണ് ബാറ്റിംഗ് നിരയുടെ കരുത്ത്.
കഴിഞ്ഞ ഏഷ്യ കപ്പിന് ആതിഥേയത്വം വഹിച്ച് ടൂർണമെന്റിൽ വൻ പരാജയമായി മാറിയ പാക്കിസ്ഥാന് നിരാശ മറക്കാൻ ഇന്നത്തെ ജീവൻ മരണ പോരാട്ടത്തിൽ ജയിച്ച് ഫൈനലിൽ കടന്നേ തീരൂ.
അട്ടിമറിക്കാൻ ബംഗ്ലാദേശ്
അട്ടിമറി വീരൻമാരായ ബംഗ്ലാദേശ് ഏതു ടീമിനും എപ്പോൾ വേണമെങ്കിലും അപകടം വിതയ്ക്കാം. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതായി സൂപ്പർ ഫോറിൽ എത്തിയ ശ്രീലങ്കയെ അട്ടിമറിച്ച് പുറത്തേക്ക് വഴിതുറന്നു. ഇന്ന് പാക്കിസ്ഥാനെ വീഴ്ത്തിയാൽ ഫൈനൽ പ്രവേശനം. മുസ്താഫിസുർ റഹ്മാൻ ബൗളിംഗ് നിരയെ നയിക്കുന്പോൾ ക്യാപ്റ്റൻ ലിറ്റണ് ദാസ് നയിക്കുന്ന ബാറ്റിംഗ് നിരയ്ക്ക് വിയർപ്പൊഴുക്കേണ്ടി വരും.
ചരിത്രം ഇങ്ങനെ
ഏഷ്യ കപ്പ് ചരിത്രത്തിൽ പാക്കിസ്ഥാന് ആകെ 50 മത്സരങ്ങളിൽനിന്ന് 28 ജയമാണുള്ളത്. 20 തോൽവി വഴങ്ങിയപ്പോൾ രണ്ടു മത്സരങ്ങളിൽ ഫലമുണ്ടായില്ല.
48 മത്സരങ്ങൾ കളിച്ചിട്ടുള്ള ബംഗ്ലാദേശിന് നേടാനായത് വെറും ഒന്പത് ജയമാണ്. 39 മത്സരങ്ങളിൽ തോൽവി വഴങ്ങി. ഈ മത്സരങ്ങളത്രയും ഏകദിന ഫോർമാറ്റിലായിരുന്നു എന്നത് ഇന്നത്തെ ട്വന്റി-20 ഫോർമാറ്റിനു ബാധകമല്ലെന്നതും ശ്രദ്ധേയം.