നിലതെറ്റാതെ നീലപ്പട
Thursday, September 25, 2025 1:30 AM IST
ലണ്ടന്‍: ഇംഗ്ലീഷ് കാരബാവോ കപ്പ് (ലീഗ് കപ്പ്) ഫുട്ബോളിന്റെ മൂന്നാം റൗണ്ടില്‍ അടിതെറ്റി വീഴാതെ ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായ ചെല്‍സി എഫ്സി. എവേ പോരാട്ടത്തില്‍ ചെല്‍സി 2-1നു ലിങ്കണ് സിറ്റിയോട് തടിതപ്പി.
മൂന്നാം ഡിവിഷന് ടീമായ ലിങ്കണ് സിറ്റിക്കു മുന്നില്‍ ആദ്യ പകുതിയില്‍ 1-0നു പിന്നിലായശേഷമായിരുന്നു ചെല്‍സി ജയം സ്വന്തമാക്കിയത്. ടൈറിക് ജോര്‍ജ് (48’), ഫാകുണ്ടോ ബ്യൂണനോട്ടെ (50’) എന്നിവര്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളുകളിലായിരുന്നു ചെല്‍സിയുടെ ജയം.
മറ്റൊരു മത്സരത്തില്‍ പരാഗ്വെ താരം ഡീഗോ ഗോമസിന്റെ നാലു ഗോള്‍ പ്രകടനത്തിലൂടെ ബ്രൈറ്റണ് 6-0ന് ബാണ്സ്ലിയെ തോല്‍പ്പിച്ചു. വൂള്‍വ്സിനോട് 2-0നു പരാജയപ്പെട്ട് എവര്ട്ടണ് പുറത്തായി.