പെര്‍ഫെക്ട് റയല്‍
Thursday, September 25, 2025 1:30 AM IST
ലെവാന്റെ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ 2025-26 സീസണില്‍ പെര്‍ഫെക്ട് തുടക്കവുമായി റയല്‍ മാഡ്രിഡ്. എവേ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 4-1ന് ലെവാന്റെയെ തകര്‍ത്തു.
മുന്‍താരം സാബി അലോണ്‍സോയുടെ ശിക്ഷണത്തില്‍ റയല്‍ ഇറങ്ങുന്ന ആദ്യ സീസണ് ആണിത്. ലെവാന്റെയ്ക്ക് എതിരായ ജയത്തോടെ സീസണില്‍ കളിച്ച ആറ് മത്സരങ്ങളിലും റയല്‍ ജയം സ്വന്തമാക്കി.
18 പോയിന്റുമായി ലീഗിന്റെ തലപ്പത്തു തുടരുകയാണ് റയല്‍ മാഡ്രിഡ്. അഞ്ച് മത്സരങ്ങളില്‍ 13 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്.
ഡബിള്‍ എംബപ്പെ
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ ഇരട്ട ഗോളാണ് റയല്‍ മാഡ്രിഡിന്റെ ജയത്തില്‍ ശ്രദ്ധേയം. 64-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 66-ാം മിനിറ്റില്‍ ക്ലിയര്‍ ഫിനിഷിംഗിലൂടെയും എംബപ്പെ ലെവാന്റെയുടെ വല കുലുക്കി.
28-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയര്‍ ആയിരുന്നു റയലിന്റെ ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. 10 മിനിറ്റിനുശേഷം ഫ്രാങ്കോ മസ്താന്റുവോണോ (38’) സന്ദര്‍ശകരുടെ ലീഡ് ഉയര്‍ത്തി. എറ്റ ഇയോംഗിന്റെ (54’) വകയായിരുന്നു ലെവാന്റെയുടെ ഗോള്‍.
വിയ്യാറയല്‍ 2-1ന് സെവിയ്യയെ തോല്‍പ്പിച്ചപ്പോള്‍ അത്ലറ്റിക് ബില്‍ബാവോയും ജിറോണയും 1-1നും എസ്പാന്യോളും വലെന്‍സിയയും 2-2നും സമനിലയില്‍ പിരിഞ്ഞു.
ടോപ് 5ല്‍ ടോപ് 2
യൂറോപ്പിലെ അഞ്ച് മുന്‍നിര ലീഗുകളില്‍ വച്ച് ഈ സീസണില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തമുള്ളതില് രണ്ടും മൂന്നും സ്ഥാനക്കാരാണ് റയലിന്റെ എംബപ്പെയും ലെവാന്റെയുടെ എറ്റ ഇയോംഗും.
എംബപ്പെയ്ക്ക് ഏഴ് ഗോളും ഒരു അസിസ്റ്റും ഉള്‍പ്പെടെ എട്ട് ഗോള്‍ പങ്കാളിത്തമുണ്ട്. ഇയോംഗിന് നാലു ഗോളും മൂന്ന് അസിസ്റ്റും അടക്കം ഏഴ് പങ്കാളിത്തം. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ ഹാരി കെയ്നാണ് (8 ഗോള്‍, 3 അസിസ്റ്റ്) പട്ടികയില്‍ ഒന്നാമത്.