ജില്ലാ ക്ഷീരസംഗമം സ്വാഗതസംഘം രൂപീകരിച്ചു
1593935
Tuesday, September 23, 2025 2:13 AM IST
അടൂർ: പത്തനംതിട്ട ജില്ലാ ക്ഷീരസംഗമം ഒക്ടോബറില്‍ മേലൂട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ അടൂരില്‍ നടക്കും. പക്ഷി-മൃഗ-കന്നുകാലി പ്രദര്‍ശനം, യുപി, ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി ഡയറി ഫെസ്റ്റ്, ജില്ലയിലെ മികച്ച കര്‍ഷകരെ ആദരിക്കൽ, സെമിനാര്‍, ഡയറി എക്സിബിഷന് എന്നിവ സംഘടിപ്പിക്കും. അടൂര്‍ അമ്മകണ്ടകര വിവേകാനന്ദ വായനശാലയില്‍ സ്വാഗതസംഘ രൂപീകരണ യോഗം ചേര്‍ന്നു. തിരുവനന്തപുരം മേഖലാ യൂണിയന് ബോര്‍ഡ് അംഗം പി. ബി. ബീന ഉദ്ഘാടനം ചെയ്തു.
മന്ത്രി വീണാ ജോര്‍ജ്, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, എംഎല്‍എ മാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം എന്നിവര്‍ രക്ഷാധികാരികളായും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ പക്ഷി-മൃഗ പ്രദര്‍ശനത്തിന്റെ ചെയര്‍മാനായും ആതിഥേയ സംഘം പ്രസിഡന്റ് എ. പി. ജയനെ ജില്ലാ ക്ഷീരസംഗമം ചെയര്‍മാനായും തെരഞ്ഞെടുത്തു.