ലക്ഷം കാണികളെ നിറച്ച കൊച്ചി സ്റ്റേഡിയം
Friday, September 26, 2025 2:25 AM IST
അനില്‍ തോമസ്
കൊച്ചി: 1997 ഏപ്രില്‍ 10. കൊച്ചിയില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരില്‍ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മിച്ചിട്ട് അന്നേക്ക് ഒരു വര്‍ഷം മാത്രമേ പിന്നിട്ടിരുന്നുള്ളു. ഫുട്ബോള്‍ ആരവങ്ങള്‍ക്കു പേരുകേട്ട കൊച്ചിയെ ആവേശത്തിലാക്കി നെഹ്റു കപ്പിന്റെ സെമിഫൈനല്‍ മത്സരം ആരംഭിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം. ഏറ്റുമുട്ടുന്നത് ഇന്ത്യയും-ഇറാക്കും.
കാല്പ്പന്തുകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച കേരളത്തിന്റെ യുവതലമുറ ഒന്നാകെ കൊച്ചിയിലേക്ക് ഒഴുകിയെത്തി. 60,000 പേര്‍ക്കു പ്രവേശനം നിശ്ചയിച്ചിരുന്ന കലൂര്‍ സ്റ്റേഡിയത്തിലേക്ക് അന്ന് ഇരച്ചുകയറിയത് ഒരു ലക്ഷത്തോളം ഫുട്ബോള്‍ ആരാധകര്‍. ടിക്കറ്റ് ലഭിക്കാതെ 25,000ത്തോളം പേർ സ്റ്റേഡിയത്തിന്റെ പുറത്തുമുണ്ടായിരുന്നു.
ഗാലറികളില്‍ ഇടം ലഭിക്കാത്ത കാണികള്‍ ഗ്രൗണ്ട് കൈയേറി. ടച്ച്ലൈനോടു ചേര്‍ന്നുവരെ കാണികള്‍ ഇരിപ്പുറപ്പിച്ചതോടെ കിക്ക് ഓഫിന് വിസില്‍ മുഴക്കാന്‍ റഫറി വിസമ്മതിച്ചു. സംഘാടകര്‍ ഇടപെട്ട് കാണികളെ പിന്നിലേക്കു മാറ്റിയാണ് മത്സരം ആരംഭിച്ചത്.
ഇന്ത്യയുടെ മിന്നും പ്രകടനം കണ്ട് കാണികള്‍ ആര്‍ത്തിരമ്പി. ഒരു ഗോളോടെ ഇരുടീമുകളും സമനില പാലിച്ചതിനുശേഷം ഷൂട്ടൗട്ടില്‍ ഇറാക്ക് വിജയം പിടിച്ചെടുക്കുംവരെ ആരവങ്ങളുടെ തിരയിളക്കമായിരുന്നു. കാരണം അന്നുവരെ ഇന്ത്യയില്‍ ഒരു സ്റ്റേഡിയത്തിനും അവകാശപ്പെടാനില്ലാത്ത കാണികളുടെ പങ്കാളിത്തമായിരുന്നു കലൂര്‍ സ്റ്റേഡിയത്തിൽ.
വീണ്ടുമൊരു മാമാങ്കം
കഥയും കാലവും മാറി. രണ്ടര പതിറ്റാണ്ടിനപ്പുറം മറ്റൊരു മമാങ്കത്തിനുകൂടി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. ലോകജേതാക്കളായ അര്‍ജന്റീനയും മെസിയും പന്ത് തട്ടുമ്പോള്‍ അതു നേരില്ക്കാണാനാകുക 50,000ത്തോളം ഭാഗ്യവാന്മാര്ക്കു മാത്രം. നിയന്ത്രണമില്ലാതെ കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയൊന്നും ഇപ്പോള്‍ സ്റ്റേഡിയത്തിനില്ല.
ബലക്ഷയം ആരോപിക്കുന്നുണ്ടെങ്കിലും അത് അടിസ്ഥാനരഹിതമാണെന്നാണ് ഉടമകളായ ജിസിഡിഎയുടെ നിലപാട്. എന്നാല്‍, അടിയന്തരഘട്ടത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കാണികളെ ഒഴിപ്പിക്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ സ്റ്റേഡിയത്തിലില്ല എന്ന് അവരും സമ്മതിക്കുന്നു.
മത്സരത്തിന്റെ ആവേശം ഒട്ടും കുറയാതിരിക്കാന്‍ 50,000 പേരെങ്കിലും കാണികളായി ഉണ്ടാകണമെന്ന നിര്‍ദേശം കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര മുന്നോട്ടുവച്ചതാണ്. ഐഎസ്എല്‍ മത്സരങ്ങളില്‍ 55,000ലേറെ കാണികള്‍ എത്തിയിട്ടുള്ളതിനാല്‍ അതില്‍ തടസമുണ്ടാകില്ലെന്ന് സംഘാടകരും ഉറപ്പ് നല്കി. സുരക്ഷാകാരണങ്ങളാല്‍ അതില്‍ കൂടുതല്‍ കാണികള്‍ക്കു സ്റ്റേഡിയത്തില്‍ പ്രവേശനം ഉണ്ടാകില്ല.
ലോകകപ്പിനും വേദിയായി
2017ല്‍ ഫിഫ അണ്ടര്‍ 17 ലോക കപ്പിനു വേദിയായതോടെയാണ് കൊച്ചി സ്റ്റേഡിയം ആഗോള ഫുട്ബോള്‍ ഭൂപടത്തില്‍ ശ്രദ്ധേയമായത്. ഒക്ടോബര്‍ ഏഴിനു നടന്ന സ്പെയിന്- ബ്രസീല്‍ മത്സരം കാണാന്‍ 21,362 കാണികളും ഇന്ത്യയുടെ മത്സരം കാണാന്‍ 22,000 പേരുമാണ് എത്തിയത്. ഫിഫ നിലവാരത്തില്‍ സ്റ്റേഡിയം നവീകരിക്കുന്നതും ലോക കപ്പിനുവേണ്ടിയാണ്.
2014ല്‍ ഐഎസ്എല്‍ ആരംഭിക്കുന്നതുമുതല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണു കൊച്ചി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം കാണാന്‍ 55,000 പേരാണു സ്റ്റേഡിയത്തിലെത്തിയത്.
ആ വര്‍ഷം നവംബര്‍ 30ന് നടന്ന കേരള ബ്ലാസ്റ്റേഴ്സ്- ചെന്നയിന് എഫ്സി മത്സരം കാണാനെത്തിയതാകട്ടെ 61,323 പേരും. 1997നുശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ കാണികളെത്തിയ മത്സരവുമായിരുന്നു അത്.