സഞ്ജുവിന്റെ റോൾ..?
Friday, September 26, 2025 2:25 AM IST
ദുബായ്: ബംഗ്ലാദേശിന് എതിരായ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ സഞ്ജു സാംസണിനെ ക്രീസിലേക്ക് അയയ്ക്കാതിരുന്നതിന്റെ ചര്‍ച്ചകളും വിമര്‍ശനങ്ങളും ചൂടുപിടിക്കുന്നതിനിടെ, സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിനായി ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്ക് എതിരേ ഇറങ്ങും.
ഇതിനോടകം ഫൈനല്‍ ഉറപ്പിച്ച ഇന്ത്യ ഇന്നു ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. രാത്രി എട്ടിനാണ് ഇന്ത്യ x ലങ്ക സൂപ്പര്‍ ഫോര്‍ മത്സരം.
സഞ്ജുവിനെ അവിശ്വാസം?
ബംഗ്ലാദേശിന് എതിരേ അക്സര്‍ പട്ടേലിനെ വരെ ക്രീസില്‍ ഇറക്കിയിട്ടും സഞ്ജു സാംസണിനെ ഡഗ്ഗൗട്ടില്‍ ഇരുത്തിയതില്‍ വരുണ്‍ ആരോണ്‍ അടക്കമുള്ള മുന്‍താരങ്ങള്‍ അദ്ഭുതം പ്രകടിപ്പിച്ചു. ഓപ്പണിംഗ് ആണോ ഇഷ്ടപ്പെട്ട ബാറ്റിംഗ് പൊസിഷന്‍ എന്ന സഞ്ജയ് മഞ്ജരേക്കറിന്റെ ചോദ്യത്തിനു സഞ്ജു നല്കിയ മറുപടിയും ശ്രദ്ധേയം.
“കേരളത്തിന്റെ സ്വന്തം നടനായ മോഹന്‍ലാലിന് അഭിനയത്തിനുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതി ലഭിച്ചിരുന്നു. 30-40 വര്‍ഷമായി അദ്ദേഹം അഭിനയിക്കുന്നു. ഞാന്‍ കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിനായി ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഹീറോ പരിവേഷമുള്ള റോള്‍ മാത്രമേ അഭിനയിക്കൂ എന്ന് എനിക്കു പറയാന്‍ കഴിയില്ല. ഓപ്പണറായി റണ്‍സ് നേടിയതിനാല്‍ ടോപ് 3യില്‍ മികച്ചതാണെന്ന് അവകാശപ്പെടാനും പറ്റില്ല. എന്തുകൊണ്ട് ഒരു നല്ല വില്ലന്‍ ആയിക്കൂടാ’’- സഞ്ജു പറഞ്ഞു.