വീഴുമല വനത്തിൽനിന്ന് ചന്ദനമരം കടത്താൻ ശ്രമം; മൂന്നുപേർ പിടിയിൽ
1594530
Thursday, September 25, 2025 1:59 AM IST
വടക്കഞ്ചേരി: ആലത്തൂർ വനം റേഞ്ചിൽപ്പെട്ട വീഴുമല വനത്തിൽ നിന്നു ചന്ദനമരങ്ങൾ മുറിച്ചുകടത്താൻ ശ്രമിച്ച അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേരെ വനംവകുപ്പ് പിടികൂടി.
മലമ്പുഴ അകത്തേത്തറ സ്വദേശികളായ മരുതക്കോട് വീട്ടിൽ രാജൻ (60), മകൻ രാജേഷ് (26), ഇവരുടെ സുഹൃത്ത് മലമ്പുഴ കൊട്ടേക്കാട് കാഞ്ഞിരക്കടവ് അക്കരപ്പൊറ്റ വീട്ടിൽ ഗണേശൻ (65) എന്നിവരാണ് പിടിയിലായത്.
ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച രണ്ടു കേസുകളിലാണ് നടപടി.
മരംമുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും തൊണ്ടിസാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. റേഞ്ച് ഓഫീസർ എൻ. സുബൈർ, വടക്കഞ്ചേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. സലിം, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ യു. സുരേഷ്ബാബു, എസ്. നാസർ, സി. സച്ചു, പി.കെ. ധന്യ, കെ.ആർ. രേഷ്മ, കെ. ആർ. നന്ദിനി, വാച്ചർമാരായ പ്രകാശൻ, ഗിന്നസ്, ബിജുജോസഫ്, അഖിൽകുമാർ, അബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ഒക്ടോബർ എട്ടുവരെ റിമാൻഡ് ചെയ്തു.
കേസിലെ മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നു റേഞ്ച് ഓഫീസർ എൻ. സുബൈർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. സലിം എന്നിവർ അറിയിച്ചു.