സോമൻ മാത്യുവിനും ടിജോ കുര്യാക്കോസിനും സിടിഎംഎ പുരസ്കാരം
1593869
Tuesday, September 23, 2025 1:25 AM IST
കോയന്പത്തൂർ: സിടിഎംഎ ഏർപ്പെടുത്തിയ കെ.വി. നായർ സാമൂഹികസേവന പുരസ്കാരത്തിന് എം.കെ. സോമൻ മാത്യുവിനെയൂം ടി. ഗോപാലൻ സ്മാരക മാനവ സേവാ പുരസ്കാരത്തിന് ടിജോ കുര്യാക്കോസിനെയും തെരഞ്ഞെടുത്തു.
തെക്ക് പടിഞ്ഞാറൻ തമിഴ്നാട്ടിലെ മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങളും നിർധരുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് സിടിഎംഎയുടെ പ്രഥമ ജനറൽ സെക്രട്ടറി കെ.വി. നായരുടെ സ്മാരണർഥമുള്ള പുരസ്കാരത്തിന് സോമൻ മാത്യുവിനെ അർഹനാക്കിയത് എന്ന് ഭാരവാഹികൾ പറഞ്ഞു.
പത്തനംതിട്ട പന്തളം കുടശനാട് സ്വദേശിയാണ് 47 വർഷമായി പൊള്ളാച്ചിയിൽ താമസിക്കുന്ന സോമൻ മാത്യു. പൊള്ളാച്ചി കേരള സമാജം പ്രസിഡന്റും സിടിഎംഎ മുൻപ്രസിഡന്റുമാണ്.
ദുരന്തങ്ങളിലും അപകടമേഖലകളിലും നടത്തിയ സ്തുത്യർഹ സേവനങ്ങളാണു ടിജോ കുര്യാക്കോസിനെ ടി. ഗോപാലൻ നായർ സ്മാരക മാനവ സേവാ പുരസ്കാരത്തിന് അർഹനാക്കിയത്.
ദക്ഷിണ റെയിൽവേയുടെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായ ടിജോ റെയിൽവേ ബോർഡിന്റെ അതിവിശിഷ്ട റെയിൽ സേവാ പുരസ്കാര ജേതാവ് കൂടിയാണ്. ചങ്ങനാശേരി തുരുത്തി സ്വദേശിയും ദക്ഷിണ റെയിൽവേ കേരള കലാസമിതി ഭരണസമിതി അംഗവുമാണ്. ഒക്ടോബർ അഞ്ചിന് കില്ബോക്ക് സെന്റ് ജോർജ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടത്തുന്ന പൊതുസമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.