അട്ടപ്പാടി റോഡ് നവീകരണ കാലതാമസം; പ്രതിഷേധം ശക്തം
1593870
Tuesday, September 23, 2025 1:25 AM IST
മണ്ണാർക്കാട്: അട്ടപ്പാടി ചിന്നത്തടാകം അന്തർ സംസ്ഥാന പാതയുടെ ഒന്നാംഘട്ട നവീകരണം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തെങ്കര ജനകീയ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്തു. വകുപ്പും ജനപ്രതിനിധികളും കരാറുകാരനും പരസ്പരം പഴിചാരുന്നതിനു പകരം റോഡ് ഉടൻ നന്നാക്കണമെന്ന് ജനകീയ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള ആദ്യഘട്ട നവീകരണം 2023 മെയ് 12ന് തീർക്കാനായിരുന്നു കരാർ. എന്നാൽ രണ്ടുവർഷം പിന്നിട്ടിട്ടും എട്ടു കിലോമീറ്റർ റോഡ് നവീകരണം പൂർത്തിയാക്കാനായിട്ടില്ല. ഒഴിവുകഴിവുകൾ പറഞ്ഞ് കരാറുകാരൻ റോഡ് പണി അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ്. അട്ടപ്പാടിയിലേക്കുള്ള പ്രധാന റോഡാണിത്. അട്ടപ്പാടിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ളവർ വിദഗ്ധ ചികിത്സക്കും അത്യാഹിത ഘട്ടങ്ങളിലും മണ്ണാർക്കാട്ടെയും പെരിന്തൽമണ്ണയിലെയും പാലക്കാട്ടെയും ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
ഉദ്യോഗസ്ഥരെയും കരാറുകാരനെയും ഏകോപിപ്പിച്ച് പണി പൂർത്തിയാക്കാനുള്ള ശ്രമം എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് റോഡ് ഉപരോധ സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു. റോഡ് സംരക്ഷണസമിതി പ്രതിനിധി കെ. സാബിർ ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി പ്രസിഡന്റ് ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. സുരേന്ദ്രൻ, ടി.എ. സലാം, മണികണ്ഠൻ പൊറ്റശേരി ഗിരീഷ് ഗുപ്ത, ശ്രീധരൻ ചേറുംകുളം, ഉനൈസ്, നാരായണൻകുട്ടി, ടി.കെ. ജുനൈസ് തുടങ്ങിയവർ പ്രസംഗിച്ചു.