ബോക്സിംഗിൽ റ്റാനിയ ജോതി തോമസിന് സ്വർണമെഡൽ
1593873
Tuesday, September 23, 2025 1:26 AM IST
വടക്കഞ്ചേരി: മധ്യപ്രദേശിലെ ജബൽപൂരിൽ നടന്ന സിഐഎസ്സിഇ നാഷണൽ ചാമ്പ്യൻഷിപ്പിന്റെ ബോക്സിംഗിൽ വടക്കഞ്ചേരി സെന്റ് ഫ്രാൻസിസ് സ്കൂളിലെ പത്താം ക്ലാസുകാരി റ്റാനിയ ജോതി തോമസിന് ഗോൾഡ് മെഡൽ. അണ്ടർ 17ൽ 50 - 52 കിലോ വിഭാഗത്തിലാണ് റ്റാനിയ ചാമ്പ്യനായത്.
പിഴക്കാത്ത പഞ്ചും കിക്കും ദേശീയ താരനിരയിലേക്ക് ഉയരാൻ റ്റാനിയക്ക് സഹായകമായി. ഐസിഎസ്ഇ, സിബിഎസ്ഇ, സ്റ്റേറ്റ് സിലബസുകൾ തുടങ്ങി സംസ്ഥാനങ്ങളിലെ വിവിധ സിലബസുകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്ന സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മത്സരത്തിൽ പങ്കെടുക്കുന്നതിനും റ്റാനിയ അർഹത നേടി. അടുത്തമാസമാണ് എസ്ജിഎഫ്ഐ യുടെ മത്സരം.
ഈ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ മാറ്റുരയ്ക്കാനും റ്റാനിയ യോഗ്യയാകും. കഴിഞ്ഞവർഷം സ്റ്റേറ്റ് ചാമ്പ്യനായിരുന്നു. സ്കൂളിലെ പ്രോത്സാഹനത്തിനൊപ്പം വടക്കഞ്ചേരിയിലെ സ്പാർട്ടൻസ് മിക്സഡ് മാർഷ്യൽ ആർട്സിലാണ് പരിശീലനം. കരാട്ടെ താരം കൂടിയായ റ്റാനിയ പഠനത്തിലും മിടുക്കിയാണെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോബി കോഴികുത്തിക്കൽ (ടിഒആർ) പറഞ്ഞു.
റ്റാനിയയെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനുമായി അടുത്തദിവസം തന്നെ സ്കൂളിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വടക്കഞ്ചേരി ഹോട്ടൽ ഡയാനയ്ക്ക് എതിർവശം പീടികപറമ്പിൽ ജോതി തോമസിന്റെയും ശീതൾ ജോതിയുടെയും മകളാണ്.