ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചു; നെല്ല് സംഭരണം തുടങ്ങിയില്ല
1593877
Tuesday, September 23, 2025 1:26 AM IST
നെന്മാറ: ഒന്നാംവിള നെൽകൃഷി കൊയ്ത്ത് ആരംഭിച്ചു. നെല്ല് സംഭരണ നടപടി ആരംഭിച്ചില്ല. നെന്മാറ, അയിലൂർ, എലവഞ്ചേരി പഞ്ചായത്തുകളിലെ 10 ശതമാനത്തിൽ താഴെ പ്രദേശങ്ങളിലാണ് കൊയ്ത്ത് ആരംഭിച്ചത്. ഇനിയും ഒരു മാസത്തോളം സമയം വേണ്ടിവരും കൊയ്ത്ത് സജീവമാകാൻ. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ അമിതമഴമൂലം ഉത്പാദനക്കുറവുണ്ടെന്ന് കർഷകർ പറയുന്നു.
അരിമില്ലുടമകളുമായി കരാർ വെച്ച് പാടശേഖരങ്ങൾ അനുവദിക്കുക, സംഭരണവില പ്രഖ്യാപിക്കുക തുടങ്ങിയ നടപടിക്രമങ്ങളൊന്നും സപ്ലൈകോ പൂർത്തിയാക്കിയിട്ടില്ല.
സംഭരണം ഒക്ടോബറിൽ തുടങ്ങുമെന്നാണ് സപ്ലൈകോയുടെ പ്രഖ്യാപനം. അതുവരെ ആദ്യം കൊയ്ത നെല്ലുകൾ മഴയിൽ നനയാതെ സൂക്ഷിച്ചുവെക്കാൻ കർഷകർ ബുദ്ധിമുട്ടേണ്ടിവരും. സൂക്ഷിക്കാൻ കഴിയാത്ത കർഷകർ സ്വകാര്യമില്ലുകൾക്ക് കിട്ടിയവിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയും നിലവിൽ വരും. കൊയ്ത്ത് സജീവമാകാത്തതിനാൽ സ്വകാര്യമില്ലുകളും വിപണി ഇടപെടലുമായി രംഗത്തെത്തിയിട്ടില്ല. നിലവിലെ സംഭരണവില കിലോഗ്രാമിന് 28.20 രൂപയാണ്. കിലോഗ്രാമിന് 69 പൈസ കൂടി കേന്ദ്രം താങ്ങുവില കഴിഞ്ഞ രണ്ടാം സീസണിൽ വർധിപ്പിച്ചത് സംസ്ഥാന സർക്കാർ വർധിപ്പിച്ചു നൽകിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ബോണസ് 5.20 പൈസയിൽ നിന്ന് കേന്ദ്ര വർധനവിന് ആനുപാതികമായി വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കഴിഞ്ഞ കുറെ വർഷമായി കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്ന താങ്ങുവിലയ്ക്ക് ആനുപാതികമായി സംസ്ഥാന സർക്കാരിന്റെ വിഹിതം കുറയ്ക്കുകയാണ് ചെയ്യുന്നത്.
മൂന്നാഴ്ചയ്ക്കുശേഷം കൊയ്ത്ത് വ്യാപകമാകും. ഇപ്പോൾ കൊയ്ത്ത് സജീവമല്ലാത്തതിനാൽ കൂടുതൽ കൊയ്ത്തുയന്ത്രങ്ങളും ജില്ലയിൽ എത്തിയിട്ടില്ല. പൂജാ അവധിയ്ക്കുശേഷമേ കൂടുതലെണ്ണം എത്തൂ.
പാടശേഖരങ്ങളിൽ വെള്ളവും ചെളിയും ഉള്ളതിനാൽ ചെയിൻ ഉപയോഗിച്ച് ചെളിയിൽ ഓടുന്ന യന്ത്രം തന്നെ വേണ്ടിവരും. മണിക്കൂറിന് 2400 രൂപ നിരക്കിലാണ് നിലവിൽ വാടക വാങ്ങുന്നത്. സ്വകാര്യ മില്ലുടകളുമായി സപ്ലൈകോ ചർച്ച ആരംഭിച്ചിട്ടില്ല. മുൻ വർഷങ്ങളിൽ ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പ് നൽകിയ കാര്യങ്ങളിൽ തീരുമാനമാകാതെ നെല്ലെടുക്കില്ലെന്ന് മില്ലുടമ ഭാരവാഹികൾ പറയുന്നു.
കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ സംഭരണം നടത്താൻ താത്പര്യമുള്ള മില്ലുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചെങ്കിലും കൂടുതൽ മില്ലുകൾ മുന്നോട്ടു വന്നിട്ടില്ല.
കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷനും കേരള ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണസംഘങ്ങളുടെ കൺസോർഷ്യവും ഒന്നാംവിളകാലത്ത് നെല്ല് സംഭരിക്കുകയും ഉടൻ പണം നൽകുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടിയിൽ അവ്യക്തത തുടരുകയാണ്.