നടുപ്പതി ഗോത്രവർഗ നഗറിൽ സാമൂഹിക വികസനചർച്ച നടത്തി
1593868
Tuesday, September 23, 2025 1:25 AM IST
പാലക്കാട്: ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരള-തമിഴ്നാട് അതിർത്തിയിലെ നടുപ്പതി ഗോത്രവർഗ നഗറിൽ സാമൂഹിക വികസനചർച്ച നടത്തി. ഒലീവിയ ഫൗണ്ടേഷൻ സിഎംഡി കെ.ടി. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഉൗരു മൂപ്പന്മാരായ രാമകൃഷ്ണൻ, ചിന്നൻ ചെറിയൻ എന്നിവർ അധ്യക്ഷത വഹിച്ചു. പുതുശേരി പഞ്ചായത്ത് നടുപ്പതി വാർഡ് മെംബർ ആൽബർട്ട് മുഖ്യപ്രഭാഷണം നടത്തി. ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ബിനീഷ്, രഞ്ജിത് എന്നിവർ പ്രസംഗിച്ചു.
നടുപ്പതി ഗവ. സ്കൂൾ പ്രധാന അധ്യാപികയായ ഹെലൻ ഉൗരു നിവാസികളെകുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അവതരിപ്പിച്ചു. ഒലീവിയ ഫൗണ്ടേഷൻ സിഇഒ അജിത്കുമാർ വർമ്മ, അഡ്വൈസർ രാമകൃഷ്ണൻ, ട്രൈബൽ ഫെസിലിറ്റേറ്റർ ബിന്ദു, പ്രൊമോട്ടർ ജയദേവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗതാഗതതടസം ഒഴിവാക്കുന്നതിനായി പ്രദേശത്ത് ഒരു ഇലക്ട്രിക് വാഹന സൗകര്യം, പ്രദേശത്തെ അഭ്യസ്ഥവിദ്യയായ ഒരു കുട്ടിക്ക് ഫൗണ്ടേഷൻ വഴി ജോലി, ജലവിതരണം എല്ലാവരിലേക്കുമെത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ എന്നിവ ഫൗണ്ടേഷനിൽ നിന്നും നൽകുമെന്ന് ഫൗണ്ടേഷൻ സിഎംഡി കെ.ടി. കൃഷ്ണകുമാർ പ്രഖ്യാപിച്ചു.