ലഹരി വിരുദ്ധ വാക്കത്തോണ്‍ നാളെ പാലക്കാട്ട്
1593871
Tuesday, September 23, 2025 1:25 AM IST
പാലക്കാട്: കേരളത്തിൽ ലഹരി വ്യാപനത്തിനെതിരേ ശക്തമായ ജനകീയമുന്നേറ്റമായി പ്രൗഡ് കേരള സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വാക്കത്തോണ്‍ നാളെ പാലക്കാട്ട് നടക്കും.
എഐസിസി സെക്രട്ടറിയും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ പതിനൊന്നാമത് വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സാണ് നെല്ലറയുടെ മണ്ണിലേതെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 6.15ന് പാലക്കാട് വിക്ടോറിയ കോളേജ് മുന്നിൽ നിന്നും ആരംഭിച്ച് കോട്ടമൈതാനം അഞ്ചുവിളക്കിൽ സമാപിക്കുന്ന വാക്കത്തോണിൽ ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും പൊതുജനങ്ങളിൽ എത്തിക്കുന്നതാണ് ലക്ഷ്യം.
പ്രൗഡ് കേരളയുടെ ചീഫ് പാട്രണും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം പ്രബോധനയജ്ഞങ്ങൾ സംഘടിപ്പിച്ചുവരികയാണ്.
വിവിധ ജില്ലകളിൽ വലിയ ജനപിന്തുണ നേടിയ പരിപാടിക്ക് മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിമാരും, സാംസ്കാരികമതരാഷ്ട്രീയ നേതാക്കളും, സാമൂഹിക പ്രവർത്തകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്ട് നടക്കുന്ന വാക്കത്തോണിൽ ആത്മീയ നേതാക്കളും സാംസ്കാരിക നായകരും വിദ്യാർഥികളും വനിതകളും യുവജനങ്ങളും പങ്കെടുക്കും.
പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ കലാലയങ്ങളിലും വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ബോധവത്്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ വൻചെറുത്തുനിൽപ്പ് നടത്തേണ്ടതുണ്ട്. ഇതിൽ എല്ലാവരെയും കണ്ണികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
കക്ഷിരാഷ്ട്രീയ മതസാമുദായിക ഭേദങ്ങൾക്കതീതമായ ലഹരിവിരുദ്ധ സമൂഹമുന്നേറ്റത്തിനായി ഒത്തുചേരുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും വി.കെ ശ്രീകണ്ഠൻ എംപി പറഞ്ഞു. കെപിസിസി സെക്രട്ടറി പി.വി. രാജേഷ്, പ്രൗഡ് കേരള കോ-ഓർഡിനേറ്റർ കിദർ മുഹമ്മദ് എന്നിവരും പങ്കെടുത്തു.