സർവകലാശാലാ സംശയങ്ങൾ
Sunday, October 5, 2025 11:23 PM IST
നമ്മുടെ രാജ്യത്ത് ഫാർമസി മേഖലയിലെ പഠന പ്രോഗ്രാമുകളായ ഡിഫാം, ബിഫാം, ഫാംഡി എന്നീ പേരുകളിൽ പ്രോഗ്രാമുകൾ സർവകലാശാലകളും മറ്റ് സ്ഥാപനങ്ങളും പഠിപ്പിക്കുന്നുണ്ടല്ലോ. ഇതിൽ ഡി ഫാം എന്ന പ്രോഗ്രാമിനെ കുറിച്ച് വിശദീകരിക്കാമോ? ഈ പ്രോഗ്രാം പഠിക്കുന്നതിലൂടെ തുറക്കപ്പെടുന്ന തൊഴിലവസരങ്ങൾ എന്തെല്ലാമാണ്?
ജാൻസി ജയിംസ് തലയോലപ്പറന്പ്.
ഇന്ത്യയിൽ ഫാർമസി അനുബന്ധമായ പഠനത്തിന് മൂന്നു വഴികൾ ആണ്.
1. ഡിപ്ലോമ ഇൻ ഫാർമസി (ഡിഫാം)
2. ബാച്ചിലർ ഡിഗ്രി ഇൻ ഫാർമസി (ബിഫാം)
3. ഡോക്ടർ ഓഫ് ഫാർമസി (ഫാംഡി)
വിവിധങ്ങളായ മെഡിക്കൽ കോളജുകളിലും ഫാർമസ്യൂട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലുമാണ് ഈ മൂന്നുതരം കോഴ്സുകളും നടക്കുന്നത്. എന്നാൽ, കോഴ്സുകളുടെ പഠന കാലയളവുകൊണ്ടും അനുബന്ധമായി പഠിപ്പിക്കുന്ന വിഷയങ്ങളുടെ വ്യാപ്തി കൊണ്ടും മൂന്നുതരം കോഴ്സുകൾക്കും വ്യത്യസ്തങ്ങളായ നിലവാരങ്ങൾ ആണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന വിദ്യാഭ്യാസ രീതി അനുസരിച്ച്, പ്രത്യേകിച്ച് കേരളത്തിൽ, ഏതെങ്കിലും ഒരു പഠന പ്രോഗ്രാം ബിരുദം എന്ന പേരിൽ നാമകരണം ചെയ്യുന്നുണ്ടെങ്കിൽ അത് ഒരു സർവകലാശാല ആയിരിക്കും നൽകുന്നത്. മറിച്ച് ഡിപ്ലോമ എന്ന പേരിലോ, സർട്ടിഫിക്കറ്റ് എന്ന പേരിലോ ആണ് ഒരു പഠന പ്രോഗ്രാം നടക്കുന്നതെങ്കിൽ അത്തരം പ്രോഗ്രാമുകൾ നിയന്ത്രിക്കുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതും റെഗുലേറ്ററി അഥോറിറ്റിയോ മറ്റേതെങ്കിലും സർക്കാർ വകുപ്പുകളോ ഏജൻസികളോ ആയിരിക്കും. കേരളത്തിൽ ഫാർമസ്യൂട്ടിക്കൽ പഠനവുമായി ബന്ധപ്പെട്ട് നൽകുന്ന ബിഫാം, ഫാംഡി പ്രോഗ്രാമുകൾ കേരളത്തിലെ ആരോഗ്യ സർവകലാശാലയുടെ കീഴിലാണ് നടക്കുന്നത്. കോഴ്സ് നടത്തുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതും ആരോഗ്യ സർവകലാശാല തന്നെയാണ്. എന്നാൽ, ഡിഫാം എന്ന പേരിൽ നടത്തുന്ന ഫാർമസി പ്രോഗ്രാം ഒരു ഡിപ്ലോമ പ്രോഗ്രാമാണ്. ഈ പ്രോഗ്രാം നടത്തുന്നത് കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആണ്.
ഡിഫാം
രണ്ടു വർഷക്കാല പഠന ദൈർഘ്യമുള്ള ഡിപ്ലോമ പ്രോഗ്രാമാണിത്. വിദ്യാഭ്യസ യോഗ്യത: പന്ത്രണ്ടാം ക്ലാസിൽ ( 10+2) സയൻസ് കോഴ്സ് 50% മാർക്കോടെ ജയിച്ചിരിക്കണം. സയൻസ് കോഴ്സിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് സബ്ജക്ട് കോന്പിനേഷനോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി സബ്ജക്ട് കോന്പിനേഷനോ നിർബന്ധമായും ഉണ്ടായിരിക്കണം.
എസ്സി, എസ്ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃതമായ മാർക്ക് ഇളവ് ലഭിക്കും.
പഠനം പൂർത്തീകരിക്കുന്ന വിദ്യാർഥികൾ 500 മണിക്കൂർ (മൂന്നു മാസം) പ്രാക്ടിക്കൽകൂടി ഗവണ്മെന്റ് ഹോസ്പിറ്റലുകളിലോ ഫാർമസി കൗണ്സിൽ അംഗീകരിച്ചിട്ടുള്ള അംഗീകൃത ഹോസ്പിറ്റലുകളിലോ നടത്തണം. ഈ പ്രവൃത്തിപരിചയംകൂടി ലഭിക്കുന്പോൾ മാത്രമാണ് കോഴ്സ് പൂർത്തിയാകുന്നത്.
പ്രവേശന രീതി
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഗവണ്മെന്റ് ഓഫ് കേരള ഓരോ വർഷവും അതിന്റെ കീഴിലുള്ള വിവിധ ഡിഫാം കോളജുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കും. പന്ത്രണ്ടാം ക്ലാസിൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയാറാക്കി പ്രവേശനം നൽകുക.
കേരളത്തിൽ 22 സ്ഥാപനങ്ങളിലാണ് ഡിഫാം പ്രോഗ്രാം നടക്കുന്നത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ആലപ്പുഴ എന്നീ നാല് ഗവണ്മെന്റ് മെഡിക്കൽ കോളജുകളും 18 സ്വാശ്രയ ഡിഫാം കോളജുകളും ആണുള്ളത്. ഈ നാലു മെഡിക്കൽ കോളജുകളിലുമായി 150 സീറ്റുകളാണ് ഡിഫാം പ്രോഗ്രാമിന് ഉള്ളത്. സ്വാശ്രയ ഡിഫാം കോളജുകളിലായി 1210 സീറ്റുകളുണ്ട്.
തൊഴിലവസരം
ഡിഫാം പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ധാരാളം തൊഴിലവസരങ്ങൾ ലഭിക്കാറുണ്ട്.
സർക്കാർ മേഖലയിൽ പ്രധാനമായും ലഭിക്കുന്ന തൊഴിലവസരം ഗവണ്മെന്റ് ഹോസ്പിറ്റലുകളിലും ഫാർമസി അനുബന്ധമായി പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റുകളിലുമായിരിക്കും. സർക്കാർ ആശുപത്രികളിൽ ഫാർമസിസ്റ്റ് ഗ്രേഡ II ആയി ജോലി ലഭിക്കുന്നതിന് വേണ്ട കുറഞ്ഞ യോഗ്യതയാണ് ഡിഫാം.
കൂടാതെ സ്വകാര്യ മേഖലയിൽ ഉള്ള ആശുപത്രികളിലും ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നതിന് ഡിഫാം യോഗ്യത മതിയാകും.
സ്വന്തമായി മെഡിക്കൽ ഷോപ്പുകൾ തുടങ്ങുന്നതിനും ഫാർമസി അനുബന്ധ ബിസിനസുകൾ നടത്തുന്നതിനും ഡിഫാം പ്രോഗ്രാം ഏറെ സഹായകമാകും. ഡിഫാം പ്രോഗ്രാം ജയിച്ചതിനുശേഷം ലാറ്ററൽ എൻട്രി വഴി ബിഫാം പ്രോഗ്രാമിന് ചേരാൻ കഴിയും.
അഡ്വ. ബാബു പള്ളിപ്പാട്ട്കരിയർ ഗൈഡ്
([email protected])