ഡോ. ബിജുവിന്റെ "പപ്പ ബുക്ക' പാപ്പുവ ന്യൂഗിനിയിലൂടെ ഓസ്കറിലേക്ക്
Thursday, August 28, 2025 1:17 AM IST
ന്യൂഡല്‍ഹി: പ്രശസ്ത മലയാളി സംവിധായകന് ഡോ.ബിജു ഒരുക്കിയ "പപ്പ ബുക്ക' എന്ന ചിത്രം പാപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക ഓസ്കര് എന്‍ട്രിയായി തെരഞ്ഞെടുത്തു.
2026ലെ മികച്ച രാജ്യാന്തര സിനിമയ്ക്കായുള്ള ഓസ്കർ പുരസ്കാരത്തിനാണ് "പപ്പ ബുക്ക' മത്സരിക്കുക. ഇന്ത്യയും പാപ്പുവ ന്യൂഗിനിയും തമ്മിലുള്ള ബന്ധം പപ്പ ബുക്ക എന്ന മുൻ പട്ടാളക്കാരന്റെ കാഴ്ചപ്പാടിലാണ് സിനിമയിൽ വിവരിക്കുന്നത്.
രണ്ടാംലോക മഹായുദ്ധകാലത്തെ പാപ്പുവ ന്യൂഗിനിയയെക്കുറിച്ചുള്ള ഗവേഷണത്തിന് രണ്ട് ഇന്ത്യന്‍ ചരിത്രഗവേഷകര്‍ അവിടെയെത്തുന്നതും പാപ്പ ബുക്കയെ കണ്ടെത്തുന്നതുമാണ് കഥാതന്തു. പപ്പ ബുക്കയെ അവതരിപ്പിക്കുന്നത് പാപുവ ന്യൂഗിനിയയിലെ ഗോത്രവംശജൻ സിനെ ബൊബോറൊ ആണ്. പ്രശസ്ത ബംഗാളി നടി റിതാഭാരി ചക്രബര്‍ത്തി, മലയാളത്തിൽനിന്ന് പ്രകാശ് ബാരെ എന്നിവരും ചിത്രത്തിലുണ്ട്. ഗ്രാമി ജേതാവ് റിക്കി കേജ് ആണ് സംഗീതം.
പാപ്പുവ ന്യൂഗിനിയയിലെ പോര്‍ട്ട് മോറെസ്ബിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടൂറിസം, സാംസ്കാരിക മന്ത്രി ബെല്‍ഡണ്‍ നോര്‍മന്‍ നമഹ്, പാപുവ ന്യൂഗിനിയ നാഷനല്‍ കള്‍ച്ചറല്‍ കമ്മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്പ് കിലാണ്ട, പാപുവ ന്യൂഗിനിയ ഓസ്കാര്‍ സെലക്ഷന് കമ്മിറ്റി ചെയര്മാന് ഡോ. ഡോണ്‍ നൈല്‍സ് എന്നിവരാണു രാജ്യത്തിന്റെ ഔദ്യോഗിക ഓസ്കർ എൻട്രി പ്രഖ്യാപിച്ചത്.
ആദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രം മറ്റൊരു രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രിയായി ഓസ്കറിൽ മത്സരിക്കുന്നത്.