വിവേക് ഗുപ്ത ഐഎൻഎസ് പ്രസിഡന്റ്
Friday, September 26, 2025 1:55 AM IST
ന്യൂഡൽഹി: രാജ്യത്തെ അച്ചടിമാധ്യമ പ്രസാധകരുടെ സംഘടനയായ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ (ഐഎൻഎസ്) പ്രസിഡന്റായി വിവേക് ഗുപ്തയെ (സൻമാർഗ്) തെരഞ്ഞെടുത്തു. ഐഎൻഎസ് പ്രസിഡന്റായിരുന്ന എം.വി. ശ്രേയാംസ് കുമാറിന്റെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണു വിവേക് ചുമതലയേറ്റത്.
കരണ്‍ രാജേന്ദ്ര ദർദ (ലോക്മത്) ഡെപ്യൂട്ടി പ്രസിഡന്റും തന്മയ് മഹേശ്വരി (അമർ ഉജാല) വൈസ് പ്രസിഡന്റും അനന്ത് നാഥ് (ഗൃഹശോഭിക) ട്രഷററുമാണ്. സെക്രട്ടറി ജനറലായി മേരി പോൾ തുടരും. വീഡിയോ കോണ്‍ഫറൻസിലൂടെയാണ് ഇന്നലെ ഐഎൻഎസിന്റെ 86-ാമത് വാർഷിക പൊതുയോഗം നടന്നത്.
എം.വി. ശ്രേയാംസ് കുമാർ (മാതൃഭൂമി), ജയന്ത് മാമ്മൻ മാത്യു (മലയാള മനോരമ), ഹർഷ മാത്യു (വനിത), പി.വി. നിധീഷ് (ബാലഭൂമി), ബിജു വർഗീസ് (മംഗളം പ്ലസ്), ഹോർമുസ്ജി എൻ. കാമ (ബോംബെ സമാചാർ), വിവേക് ഗോയങ്ക (ഇന്ത്യൻ എക്സ്പ്രസ്), വിജയ് ദർദ (ലോക്മത്), എസ്. ബാലസുബ്രഹ്മണ്യൻ ആദിത്യൻ (ദിനതന്തി), ആർ.എം.ആർ. രമേശ് (ദിനകരൻ), ഐ. വെങ്കിട്ട് (ഈ നാട്), മോഹിത് ജെയിൻ (ഇക്കണോമിക് ടൈംസ്), അതിദേബ് സർക്കാർ (ദി ടെലിഗ്രാഫ്), സമുദ്ര ഭട്ടാചാര്യ (ഹിന്ദുസ്ഥാൻ ടൈംസ്), ഗിരീഷ് അഗർവാൾ (ദൈനിക് ഭാസ്കർ) മഹേന്ദ്ര മോഹൻ ഗുപ്ത (ദൈനിക് ജാഗരണ്‍), ധ്രുബ മുഖർജി (ആനന്ദബസാർ പത്രിക), കെ.ആർ.പി. റെഡ്ഢി (സാക്ഷി), വിജയ്കുമാർ ചോപ്ര (പഞ്ചാബ് കേസരി) തുടങ്ങിയവരുൾപ്പെട്ട 41 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.