ലഡാക്കിലെ പ്രക്ഷോഭം; വാംഗ്ചുക്കിനെതിരേ സിബിഐ അന്വേഷണം
Friday, September 26, 2025 1:55 AM IST
ന്യൂഡൽഹി: ലഡാക്കിലെ പ്രക്ഷോഭത്തിനുപിന്നാലെ വിദ്യാഭ്യാസ വിദഗ്ധനും കാലാവസ്ഥാ പ്രവർത്തകനുമായ സോനം വാംഗ്ചുക്കിനെതിരേ സിബിഐ അന്വേഷണം. വാംഗ്ചുക്കിന്റെ വിദേശസംഭാവന അടക്കമുള്ള സാന്പത്തിക ഇടപാടുകൾ, പാക്കിസ്ഥാൻ സന്ദർശനം എന്നിവയാണു അന്വേഷിക്കുന്നത്.
പ്രക്ഷോഭം നടത്തിയ ജനക്കൂട്ടത്തെ വാംഗ്ചുക്ക് അക്രമത്തിനു പ്രേരിപ്പിച്ചുവെന്ന ആരോപണങ്ങളെത്തുടർന്നാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. വാംഗ്ചുക്കിന്റെ ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സ് (എച്ച്ഐഎഎൽ), സ്റ്റുഡന്റ്സ് എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് (സെംകോൾ), അദ്ദേഹത്തിന്റെ സ്വകാര്യ സംരംഭമായ ഷെഷ്യോണ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്ഐപിഎൽ) എന്നിവയുമായി ബന്ധപ്പെട്ടു സാന്പത്തിക ക്രമക്കേടുകൾ ഉണ്ടെന്നാണ് സർക്കാരിന്റെ ആരോപണം.
ലഡാക്കിന്റെ സംസ്ഥാനപദവിക്കും ആറാം ഷെഡ്യൂൾ നീട്ടലിനും വേണ്ടി കഴിഞ്ഞ പത്തുമുതൽ വാംഗ്ചുക്ക് നിരാഹാരസമരം നടത്തിയിരുന്നു. പ്രക്ഷോഭകരും പോലീസും ഏറ്റമുട്ടിയ അക്രമങ്ങളിൽ നാലുപേർ കൊല്ലപ്പെടുകയും മുപ്പതോളം പോലീസുകാർക്കും എഴുപതിലേറെ പ്രക്ഷോഭകർക്കും പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്നു വാംഗ്ചുക്ക് സമരം പിൻവലിച്ചു.
സ്വയം പ്രതിരോധത്തിനായാണു പോലീസ് വെടിയുതിർത്തതെന്നാണു വിശദീകരണം. വാംഗ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിനു കാരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലഡാക്കിലെ ലേയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിന്റെ ഉത്തരവാദിത്വം എന്റെ മേൽ കെട്ടിവച്ച് ബലിയാടാക്കാനുള്ള ശ്രമമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തുന്നത്. ഹിമാലയൻ മേഖലയുടെ അടിസ്ഥാന പ്രശ്നങ്ങളെ അവഗണിക്കാനുള്ള നീക്കമാണിത്. എന്നെയോ കോൺഗ്രസിനെയോ ബലിയാടാക്കുന്നത് കൗശലമായിരിക്കാം. -സോനം വാംഗ്ചുക്
വിദേശ സംഭാവനകളിൽ ഇരട്ടിയിലേറെ വർധനയെന്നു കേന്ദ്ര ഏജൻസികൾ
സോനം വാംഗ്ചുക്കിന്റെ സ്ഥാപനമായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ്സിനു (എച്ച്ഐഎഎൽ) ലഭിച്ച സംഭാവനകളിൽ ഇരട്ടിയിലേറെ വർധനയെന്നു കേന്ദ്ര ഏജൻസികൾ. 2023-24 സാന്പത്തികവർഷത്തിൽ ആറു കോടി രൂപ ലഭിച്ച സ്ഥാനത്ത് കഴിഞ്ഞ സാന്പത്തികവർഷം 15 കോടി രൂപയാണ് ലഭിച്ചതെന്നാണു റിപ്പോർട്ട്.
2020ൽ ആഭ്യന്തര മന്ത്രാലയം ഫെറ രജിസ്ട്രേഷൻ നിഷേധിച്ചിട്ടും ഒരു അക്കൗണ്ടിൽനിന്ന് 1.63 കോടി രൂപയുടെ വിദേശ പണം സ്ഥാപനം സ്വീകരിച്ചുവെന്നും ആരോപണമുണ്ട്. ഇതടക്കമുള്ള സാന്പത്തിക ഇടപാടുകളാണു സിബിഐ അന്വേഷിക്കുന്നത്.
ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വാംഗ്ചുക്കും അദ്ദേഹത്തിന്റെ ഭാര്യയും ഡയറക്ടറായ ഷെഷ്യോണ് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് ഏകദേശം 6.5 കോടി രൂപയുടെ കൈമാറ്റം തടഞ്ഞുവെന്ന് കേന്ദ്രം പറയുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഴു ബാങ്ക് അക്കൗണ്ടുകളിൽ നാലെണ്ണം ഇനിയും വെളിപ്പെടുത്തിയിട്ടില്ലെന്നതാണ് മറ്റൊരു കണ്ടെത്തൽ. ലഡാക്കിലെ വിദ്യാഭ്യാസ സന്പ്രദായം പരിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെ 1988ൽ ലഡാക്കിലെ ഏതാനും യുവാക്കൾ സ്ഥാപിച്ച സെംകോളിന് ഒന്പത് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും അതിൽ ആറെണ്ണം വെളിപ്പെടുത്തിയിട്ടില്ലെന്നും ആരോപിക്കപ്പെടുന്നു. സെകോളിന്റെ ഫെറ അക്കൗണ്ടിൽ പ്രാദേശികഫണ്ടുകൾ നിക്ഷേപിച്ചെന്നതാണ് മറ്റൊരു ആരോപണം.
വാംഗ്ചുക്കിന് ഒന്പത് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും അതിൽ എട്ടെണ്ണം വെളിപ്പെടുത്താത്തവയാണെന്നും കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു. 2018നും 2024നും ഇടയിൽ ഈ അക്കൗണ്ടുകളിലേക്ക് 1.68 കോടി രൂപയുടെ വിദേശപണം ലഭിച്ചതായി ആരോപിക്കപ്പെടുന്നു.